ഒരേ ദിവസം (നവംബര്‍ 30) വന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ കാണുക.
മലയാള മനോരമയില്‍ ഒരു വാര്‍ത്തയുടെ തലക്കെട്ട്: ‘കൈഗ അണുവികിരണം അട്ടിമറി; പിന്നില്‍ ജീവനക്കാര്‍.’
വാര്‍ത്തയില്‍നിന്ന് ചില വാചകങ്ങളുടെ അവസാനഭാഗം ഇങ്ങനെ: ‘… അട്ടിമറി തന്നെയാണെന്ന് ആണവോര്‍ജ കമ്മിഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്കര്‍ സ്ഥിരീകരിച്ചു’; ‘… ഇത് കലര്‍ത്തിയതെന്നു കകോദ്കര്‍ പറഞ്ഞു’; ‘… ജനങ്ങള്‍ക്കോ പരിസ്ഥിതിക്കോ ആണവ നിലയത്തിനോ കുഴപ്പമൊന്നുമില്ലെന്നും ഡോ. കകോദ്കര്‍ പറഞ്ഞു’; ‘… അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു’; ‘…ആശങ്ക വേണ്ടെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധികൃതരും വ്യക്തമാക്കി’; ‘… മന്ത്രി പൃഥ്വിരാജ് ചവാന്‍ വ്യക്തമാക്കി’; ‘… മന്ത്രി പറഞ്ഞു’; ‘… കൈഗ പ്ലാന്റ് സ്റ്റേഷന്‍ ഡയറക്ടര്‍ ജെ.പി. ഗുപ്ത അറിയിച്ചു.’
ഇനി, രണ്ടാമത്തെ വാര്‍ത്ത. തലക്കെട്ട്: ‘നസീര്‍ ബംഗ്ലദേശില്‍ എംബസി ആക്രമണം ലക്ഷ്യമിട്ടെന്ന് സൂചന.’
വാര്‍ത്തയിലെ ചില വാചകാന്ത്യങ്ങള്‍: ‘… നസീറെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി അറിയുന്നു’; ‘… വിവരങ്ങള്‍ ലഭിക്കുമെന്നാണ് സംയുക്ത അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ’; ‘… ഇയാള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെന്നാണ് നിഗമനം’; ‘… എന്നിവര്‍ വഴിയാണ് നസീര്‍ ലഷ്കറെ തയിബയുമായി ബന്ധം സ്ഥാപിച്ചതെന്നാണു സൂചന.’
രണ്ടു വാര്‍ത്തകളിലെയും ആഖ്യാന രീതിയിലെ വ്യത്യാസം ശ്രദ്ധിച്ചുവോ? ഒന്നില്‍ വസ്തുതകള്‍. മറ്റേതില്‍ കേട്ടുകേള്‍വികള്‍. ഒന്നില്‍ വിവരങ്ങളുടെ ഉറവിടങ്ങളെ അവയുടെ ആധികാരികതയെ സംശയിക്കേണ്ടതില്ലാത്ത വിധത്തില്‍ ഉദ്ധരിച്ചിരിക്കുന്നു. രണ്ടാമത്തേതില്‍ ‘അറിയുന്നു’, ‘പ്രതീക്ഷ’, ‘നിഗമനം’, ‘സൂചന’ എന്നീ വാക്കുകളില്‍ ആധികാരികത തട്ടിത്തടഞ്ഞ് നില്‍ക്കുന്നു.
ആദ്യത്തേതില്‍ ഒന്നിലധികം ഉറവിടങ്ങളെ പേരെടുത്ത് പറയുന്നു. രണ്ടാമത്തേതില്‍ ‘സംയുക്ത അന്വേഷണ സംഘ’മെന്നും ‘പൊലീസ്’ എന്നും അവ്യക്തമായ ‘സൂചന’കള്‍ മാത്രം.
മനോരമയുടെ മാത്രം പ്രത്യേകതയാണിതെന്നും കരുതേണ്ട. മാതൃഭൂമിക്കും അതേ രീതിതന്നെ. കൈഗ വാര്‍ത്തയില്‍ ആശുപത്രി അധികൃതരെയും അനില്‍ കകോദ്കറെയും സ്റ്റേഷന്‍ ഡയറക്ടര്‍ ജെ.പി. ഗുപ്തയെയുമൊക്കെ നേരിട്ട് ഉദ്ധരിക്കുന്നു. നസീര്‍വാര്‍ത്തയിലാകട്ടെ, ഇങ്ങനെയും: ‘… ബന്ധമുണ്ടായിരുന്നതായി വിവരം ലഭിച്ചു’; ‘… പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.’
ഇപ്പറഞ്ഞ രണ്ടു പത്രങ്ങള്‍ക്കു പുറമെ മറ്റുപല പത്രങ്ങളിലും ഇതേ ശൈലിയാണ് കാണുക. ചില വാര്‍ത്തകള്‍ക്ക് വസ്തുതാപരമായ ആഖ്യാനം; മറ്റു ചിലതിന് ഊഹാധിഷ്ഠിത വിവരണം. ‘രഹസ്യ കേന്ദ്ര’ത്തില്‍ നടക്കുന്ന ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ വരുന്നത് ഏതൊക്കെയോ പൊലീസ് കേന്ദ്രങ്ങളില്‍നിന്നാവും. അവരാരെന്ന് പറയാനാവില്ല. ഇത്തരം ‘അനാഥ പ്രസ്താവ’ങ്ങള്‍ ഇടക്ക് ഒന്നും രണ്ടുമല്ലതാനും; വാര്‍ത്തകളില്‍ ഉടനീളം അതാണ്. മാത്രമല്ല, അവര്‍ കൊടുക്കുന്ന ‘സൂചന’കള്‍ കൃത്യം തന്നെയോ അതോ പത്രങ്ങളെ ഉപയോഗിച്ച് ഇറക്കുന്ന ചൂണ്ടകളോ എന്നെങ്ങനെ തിരിച്ചറിയാം?
തടിയന്റവിട നസീറിനെ പിടികൂടിയതിനെപ്പറ്റി വ്യത്യസ്ത വാര്‍ത്തകളാണ് തുടക്കത്തില്‍ വന്നത്. അടുത്തകാലത്ത് വാര്‍ത്തകള്‍ക്ക് ഏകീഭാവം കാണുന്നു. പരസ്പര വിരുദ്ധ വിവരങ്ങള്‍ നല്‍കുമ്പോഴും പത്രങ്ങള്‍ ‘അധികൃതരെ’യും ‘അന്വേഷക സംഘങ്ങളെ’യും ‘പൊലീസി’നെയും സൌകര്യപ്രദമായ അവ്യക്തതയോടെ ഉദ്ധരിച്ചുവന്നിരുന്നു.
നസീര്‍ കുറ്റവാളിയാണോ അല്ലേ എന്നത് നമ്മുടെ വിഷയമല്ല. ആകാം. പക്ഷേ, പ്രമാദമായ കേസിന്റെ അന്വേഷണത്തെ പ്പറ്റിയുള്ള വസ്തുനിഷ്ഠ റിപ്പോര്‍ട്ടുകള്‍ക്കുണ്ടാകേണ്ട സൂക്ഷ്മതയോ അവധാനതയോ സംയമനമോ അവക്കില്ല. മറഞ്ഞിരിക്കുന്ന ‘ഉറവിട’ങ്ങള്‍ക്ക് വേണമെങ്കില്‍ തെറ്റായ വിവരം പ്രചരിപ്പിക്കാനും ജനശ്രദ്ധ വഴിതിരിച്ചുവിടാനും കഴിയുന്ന വിധത്തിലാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. വാര്‍ത്തകള്‍ക്കുണ്ടായിരിക്കണമെന്ന് പാഠപുസ്തകങ്ങളില്‍ പറയുന്ന പല ഗുണങ്ങളും അവക്കില്ല.
ഡിസംബര്‍ നാലിലെ ‘നസീറും ഷഫാസും കുറ്റമേറ്റ’ വാര്‍ത്ത അവസാനിക്കുന്നെന്ന് നോക്കുക:
‘… നസീറും സഹായി ഷഫാസും സമ്മതിച്ചു’; ‘… നസീര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി’. സമ്മതിച്ചതും വെളിപ്പെടുത്തിയതും ആരോട്? ലേഖകനോടോ? അല്ലെങ്കില്‍ ആരോട്? വിവരം എവിടെനിന്ന് കിട്ടി? കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇരുവരെയും ചോദ്യം ചെയ്തുവരുകയാണെന്ന പൊതുവിവരം നല്‍കിയ ശേഷം പത്രം പിന്നെയും തുടരുന്നു: ‘… നസീര്‍ വെളിപ്പെടുത്തി’; ‘… നസീര്‍ പറഞ്ഞു’… മുമ്പ് ‘സൂചന’, ‘അന്വേഷക സംഘം വെളിപ്പെടുത്തി’ എന്നിങ്ങനെയെങ്കിലും ഉറവിടങ്ങളുടെ പ്രകൃതം വ്യക്തമാക്കിയിരുന്നിടത്ത് പെട്ടെന്ന് വന്നുചേര്‍ന്ന മാറ്റം ശ്രദ്ധിക്കുക. ഇപ്പോള്‍ ലേഖകര്‍ നേരിട്ട് കണ്ടതും അറിഞ്ഞതും പോലെയാണ് ആഖ്യാനം. ‘സൂചന’യാണ് ആദ്യഘട്ടം; ‘വെളിപ്പെടുത്തല്‍’ രണ്ടാംഘട്ടം. ഇത് തീര്‍ച്ചയുടെ മൂന്നാം ഘട്ടം. അന്വേഷണമാകട്ടെ, ഏറെയൊന്നും മുന്നോട്ടുപോയിട്ടില്ലതാനും.
പത്രത്തിന് ബോധ്യപ്പെട്ടതെന്ന തോന്നലുണ്ടാക്കുന്ന ഈ റിപ്പോര്‍ട്ടിങ് രീതിയല്ലാതെ മറ്റൊരു രീതി ഉണ്ടോ? ഉണ്ട്. പത്രപ്രവര്‍ത്തനത്തിന്റെ പ്രഫഷനല്‍ ശൈലിയില്‍ പെടുന്ന കര്‍തൃത്വാരോപണം (attribution) ആണ് ആ രീതി. തേജസ് നോക്കുക (‘ബാംഗ്ലൂര്‍ സ്ഫോടനം: പങ്കുണ്ടെന്ന് നസീര്‍): ‘… സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് പിടിയിലായ കണ്ണൂര്‍ തടിയന്റവിട നസീര്‍ സമ്മതിച്ചതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി… ഈ വിവരം മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയ ചോദ്യം ചെയ്യല്‍ സംഘത്തിലെ
പൊലീസ് നല്‍കിയ വിവരം സ്വയം സ്ഥിരീകരിച്ചെന്ന മട്ടിലുള്ള മനോരമ ശൈലിക്കാണ് ഇന്ന് പ്രചാരം കൂടുതല്‍^ വിശേഷിച്ച് തീവ്രവാദ വാര്‍ത്തകളില്‍. അത് വായനക്കാരുടെ നിര്‍ഭാഗ്യം.
0 പ്രതികരണങ്ങള്‍ to “രണ്ട് റിപ്പോര്‍ട്ടുകള്‍”