കോടതികള്‍ എക്സിക്യൂട്ടിവിന്റെ ഉപവകുപ്പായിപ്പോകുമോ?
അടുത്ത കാലത്തായി കണ്ടുവരുന്ന ചില പ്രവണതകളാണ് ഈ ആശങ്ക ഉയര്‍ത്തുന്നത്. തീവ്രവര്‍ഗീയതയുടേതായ ശൈലികള്‍ കോടതികള്‍ കടമെടുക്കുന്നു. ഭരണകൂടത്തിന്റെ അവകാശവാദങ്ങള്‍ അപ്പടി വിഴുങ്ങുന്നു. 1970കളില്‍ അടിയന്തരാവസ്ഥയെ രാജ്യം അതിജീവിച്ചത് കോടതികളുടെ നിഷ്പക്ഷതയിലൂടെയാണ്. 1980കളില്‍ തുടങ്ങിയ ജുഡീഷ്യല്‍ ആക്ടിവിസം നാട്ടിലെ പ്രാന്തവത്കൃതര്‍ക്കും തിരസ്കൃത വിഭാഗങ്ങള്‍ക്കും നല്‍കിയ സുരക്ഷാബോധം വലുതായിരുന്നു.
നിയമനിര്‍മാണ സഭകള്‍ക്കു പിഴച്ചാലും ഭരണ നിര്‍വഹണവിഭാഗം അത്യാചാരം കാണിച്ചാലും തിരുത്താന്‍ ഒരു നീതിനിര്‍വഹണ വിഭാഗമുണ്ടെന്ന് രാജ്യത്തിന് അന്നൊക്കെ ബോധ്യപ്പെട്ടു.
പക്ഷേ, ഇപ്പോള്‍ ആ ബോധ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ദല്‍ഹി ബട്ലഹൌസ് ”ഏറ്റുമുട്ടല്‍” കൊലയെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യം നിരാകരിച്ച സുപ്രീംകോടതി അതിനു പറഞ്ഞ ന്യായം ഏറ്റവും ഒടുവിലത്തെ ആപത്സൂചനയാണ്. അത് നല്‍കുന്ന സൂചനകള്‍ ഭയാനകവും.
2008 സെപ്റ്റംബര്‍ 19നാണ് ദല്‍ഹി പൊലീസിലെ ”ഏറ്റുമുട്ടല്‍ വിദഗ്ധന്‍” എം.സി. ശര്‍മയും സംഘവും ബട്ലഹൌസിലെത്തി ഭീകരരെന്നു പറഞ്ഞ് രണ്ട് യുവാക്കളെ കൊന്നത്. ശര്‍മയും വെടിയേറ്റ് കൊല്ലപ്പെട്ടു. അതിനും ഒരാഴ്ച മുമ്പ് ദല്‍ഹിയിലുണ്ടായ സ്ഫോടനങ്ങള്‍ക്ക് ഉത്തരവാദികള്‍ ഇന്ത്യന്‍ മുജാഹിദീന്‍ ആണെന്നും കൊല്ലപ്പെട്ട ആതിഫ് അമീനും മുഹമ്മദ് സാജിദും അതില്‍പ്പെട്ട ഭീകരരാണെന്നും പൊലീസ് ആരോപിച്ചു.
അനേകം ”ഏറ്റുമുട്ടലുകള്‍” വ്യാജമായിരുന്നെന്നും മേലുദ്യോഗസ്ഥര്‍ക്കു മുന്നില്‍ കാര്യക്ഷമത തെളിയിക്കാനും മറ്റും നടത്തിയ നാടകങ്ങളായിരുന്നെന്നും അന്വേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കോടതികള്‍തന്നെ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുമുണ്ട്.
നഗ്നമായ ഇത്തരം കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ മാര്‍ഗനിര്‍ദേശം നല്‍കി: ഏറ്റുമുട്ടല്‍ കൊലകളെപ്പറ്റി മജിസ്ട്രേറ്റ്തല അന്വേഷണങ്ങള്‍ നടത്തണം.
എന്നാല്‍, ബട്ലഹൌസ് ഏറ്റുമുട്ടലിന്റെ കാര്യത്തില്‍ മനുഷ്യാവകാശ കമീഷന്‍പോലും പൊലീസിന്റെ പക്ഷം ചേര്‍ന്നെന്ന ആരോപണമുയര്‍ന്നു. അന്വേഷണം ശരിക്കു നടത്താതെ പൊലീസിന്റെ വാദങ്ങള്‍ പകര്‍ത്തിയതായിരുന്നു റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം തേടി സന്നദ്ധ സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയും അത് തള്ളി. അതിനു പറഞ്ഞ കാരണം: അത്തരമൊരന്വേഷണം പൊലീസിന്റെ മനോവീര്യം തകര്‍ക്കും. പൊലീസിനെ ആവശ്യമില്ലാതെ ഉപദ്രവിക്കലാകുമത്.
പൊലീസിന്റെ ചെയ്തിയെപ്പറ്റി അന്വേഷണം നടത്തുന്നത് എങ്ങനെയാണ് അവരുടെ മനോവീര്യത്തെ ബാധിക്കുക? അവര്‍ ചെയ്തത് ശരിയാണെന്ന് തെളിഞ്ഞാല്‍ മനോവീര്യം ഉയരുകയല്ലേ ചെയ്യുക? പൊലീസ് തെറ്റു ചെയ്തെങ്കിലേ അന്വേഷണത്തെ ഭയക്കേണ്ടതുള്ളൂ. തെറ്റുചെയ്തെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടുപ്പോഴാണ് നിയമവാഴ്ച സ്ഥാപിക്കപ്പെടുക.
അന്വേഷണം നടത്തണമെന്ന ആവശ്യത്തെപ്പറ്റി കോടതി പറയുന്നു, ” കുറ്റവാളികള്‍ കുറ്റവാളികള്‍തന്നെയാണ്” എന്ന്. അന്വേഷിക്കും മുമ്പ് അത്തരമൊരു വിധിപ്രസ്താവം നടത്തുന്നത് എങ്ങനെയാണ് നിയമവാഴ്ചയെ സഹായിക്കുക?
പൊലീസ് അതിക്രമം കാണിക്കാറുണ്ടെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്്. പല സംഭവങ്ങളിലും പൊലീസിനെതിരെ കേസും അന്വേഷണവുമുണ്ട്. ഇനിയങ്ങോട്ട് ഇത്തരം കേസിലെല്ലാം പരമോന്നത കോടതിയുടെ ”മനോവീര്യ” വാദം ചൂണ്ടിക്കാട്ടി പൊലീസിന് രക്ഷപ്പെടാനാവില്ലേ? ഏത്് ഭരണഘടനയും ഏതു നിയമാവലിയുമാണ് ജനങ്ങളുടെ മൌലികാവകാശത്തിനുപരി പൊലീസിന്റെ വീര്യത്തെ പ്രതിഷ്ഠിച്ചിട്ടുള്ളത്?
ജനങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സുരക്ഷ നല്‍കേണ്ടവരാണ് പൊലീസ്. ജനങ്ങള്‍ക്ക് മനോവീര്യം വേണ്ടെന്നുവരുമോ? അവരുടെ സുരക്ഷ നിരാകരിച്ചും നിരപരാധികളെ വെറുതെ കൊന്നും പൊലീസ് വിരാജിച്ചാല്‍ തടയേണ്ട കോടതി വരെ വ്യാകുലപ്പെടുന്നത് ജനങ്ങളുടെ സുരക്ഷയെപ്പറ്റിയല്ല, പൊലീസിന്റെ മനോവീര്യത്തെപ്പറ്റിയാണെന്നോ മനസ്സിലാക്കേണ്ടത്?
മനുഷ്യാവകാശ കമീഷന്‍ മാര്‍ഗനിര്‍ദേശപ്രകാരം നടക്കേണ്ട മജിസ്ട്രേറ്റുതല അന്വേഷണം ഈ സംഭവത്തിലുണ്ടായില്ല. ഇത്തരം ചട്ടലംഘനത്തിന് കോടതി ഇപ്പോള്‍ സാധുത നല്‍കുകയല്ലേ ചെയ്തത്? സമാന സംഭവത്തില്‍ സുഹ്റാബുദ്ദീന്‍ ശൈഖിനെ പൊലീസ് കൊലചെയ്തതായി അന്വേഷണത്തിലാണ് കണ്ടെത്തിയത്. അത് വേണ്ടിയിരുന്നില്ല എന്നല്ലേ കോടതിവിധിയുടെ അര്‍ഥം?
ബട്ലഹൌസ് സംഭവത്തെപ്പറ്റിയുള്ള പൊലീസ് ഭാഷ്യത്തിലെ പൊരുത്തക്കേടുകളും സ്ഥലവാസികളുടെ സംശയങ്ങളും ഇനി ആര് വിശദീകരിക്കും? നിരപരാധികളായ പൌരന്മാരുടെ ജീവനെടുത്തതെന്ന് കരുതപ്പെടുന്ന സംഭവത്തില്‍, അതല്ല സംഭവിച്ചതെന്ന് തെളിയിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയില്ലെന്നല്ലേ ഇപ്പോള്‍ വന്നിരിക്കുന്നത്?
ഭരണഘടന പ്രകാരം കിട്ടേണ്ട മൌലികാവകാശവും ഭരണകൂടത്തിന്റെ സംശയാസ്പദ താല്‍പര്യവും തമ്മില്‍ ഏറ്റുമുട്ടുന്നിടത്ത് ജുഡീഷ്യറി ഏതു ഭാഗത്താണ് നില്‍ക്കേണ്ടത്?
(മാധ്യമം ആഴ്ചപ്പതിപ്പ് 2009 നവംബര്‍)
0 പ്രതികരണങ്ങള്‍ to “ബട്ട്ല വിധി– ചില സംശയങ്ങള്‍”