വര്‍ഗീയത വളരുന്നു?

മലയാള പത്രലോകത്ത് അസുഖകരമായ ഒരു ധ്രുവീകരണം നടക്കുന്നുണ്ടോ? ‘ലവ് ജിഹാദ്’ വിവാദം ഒരിക്കല്‍കൂടി ഈ ചോദ്യം ഉയര്‍ത്തിവിടുന്നു.
വിവിധ പത്രങ്ങള്‍ ചൂടുള്ള വാര്‍ത്തകള്‍ കണ്ടെത്തി ‘ലവ് ജിഹാദ്’ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നു. മറ്റൊരു കൂട്ടം പത്രങ്ങള്‍ ഇതിന്റെ അടിസ്ഥാന ധാരണകളെത്തന്നെ ചോദ്യം ചെയ്യുന്നു.
”പ്രണയപ്പോരാട്ടം” നടക്കുന്നുവെന്ന് സ്ഥാപിക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നവരുടെ നടത്തിപ്പുകാര്‍ മുസ്ലിംകളല്ല, അതിനെ ചോദ്യം ചെയ്യുന്ന പത്രങ്ങളാകട്ടെ മുസ്ലിംകള്‍ നടത്തിപ്പുകാരായിട്ടുള്ളവരും.
‘ലവ് ജിഹാദ്’ യഥാര്‍ഥത്തില്‍ നടക്കുന്നുവെന്നും, പക്ഷേ, അതില്ലെന്ന് കള്ളം പറഞ്ഞ് സ്ഥാപിക്കാന്‍ ഏതാനും പത്രങ്ങള്‍ ശ്രമിക്കുന്നു എന്നുമാണോ ഇതിനര്‍ഥം? അതോ അങ്ങനെയൊന്ന് ഇല്ലെന്നും ഉണ്ടെന്നു സ്ഥാപിക്കാന്‍ മറ്റുള്ളവ യത്നിക്കുന്നു എന്നുമോ?
ഒന്നുരണ്ട് വസ്തുതകള്‍ ഇവിടെ പ്രസക്തമാണ്. ഒന്ന്, ഇങ്ങനെയൊരു പ്രണയരീതിയെപ്പറ്റി വാര്‍ത്തകളെഴുതിയ പത്രങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കും (ഒന്നുരണ്ടു സംഭവങ്ങളെ സാമാന്യവത്കരിക്കാനല്ലാതെ) തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിലെയും കര്‍ണാടകയിലെയും ഉത്തരവാദപ്പെട്ട പൊലീസ് മേധാവികള്‍ ‘ലവ് ജിഹാദി’ന് തെളിവില്ലെന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു.
രണ്ടാമത്, ചില പത്രങ്ങള്‍ പൊലിപ്പിച്ച സംഭവങ്ങള്‍പോലൊന്ന് നടന്നതായി തെളിഞ്ഞിട്ടുണ്ട്. അതില്‍, പക്ഷേ, മുസ്ലിമല്ലാത്ത ഒരാള്‍ (കര്‍ണാടകയിലെ ആനന്ദ് എന്ന മോഹന്‍കുമാര്‍) ആണ് പ്രണയം നടിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊന്നതായി വെളിപ്പെട്ടത്. ഈ സംഭവത്തെ സാമാന്യവത്കരിക്കാന്‍ ‘ലവ് ജിഹാദി’നെ പൊലിപ്പിച്ചവര്‍ മുന്നോട്ടുവന്നില്ല. സെന്‍സേഷനല്‍ വാര്‍ത്തയുടെ ചേരുവകളുണ്ടായിട്ടും ഇത് ഏറെയൊന്നും മാധ്യമങ്ങളില്‍ നിലനിന്നില്ല.
മറുവശത്ത് ‘ലവ്ജിഹാദി’നെപ്പറ്റി എഴുതിയ മാധ്യമങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. രിസാല വാരികയുടെ പുതിയ ലക്കം (ലക്കം 866, 2009 നവംബര്‍ 13) ഏതാനും പത്രങ്ങള്‍ക്കെതിരായ കുറ്റപത്രം തന്നെയാണ്:
”ഒറ്റപ്പെട്ട സംഭവങ്ങളില്‍ മണംപിടിച്ച് മലയാള മനോരമയിലെ നാല്‍വര്‍ സംഘമാണ് ആയിരത്തൊന്ന് രാവുകളെ അമ്പരപ്പിക്കുന്നവിധം നാലായിരം പ്രണയകഥകളുമായി” കേരളത്തിന്റെ പ്രഭാതത്തെ വിരുന്നൂട്ടുന്നത്. ”കഥയില്‍ പറയുന്ന നാലായിരത്തില്‍പരം പെണ്‍കുട്ടികളില്‍ 3997ന്റെയും നാടോ വീടോ രക്ഷിതാക്കളുടെ വിവരമോ നിലവിലുണ്ടോ?…” (ഒ.അബ്ദുല്ല, ‘ലൌ ജിഹാദല്ല, ലൌ സയനൈഡ്’).
”വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ച ശേഷം സയനൈഡ് നല്‍കി പതിനെട്ട് യുവതികളെ കൊലപ്പെടുത്തിയ ആനന്ദ് എന്ന മോഹന്‍ കുമാറിനെ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസ് വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞത്. കൊല്ലപ്പെട്ട യുവതികളില്‍ അഞ്ചു പേര്‍ കാസര്‍കോട്ടുകാരാണെന്നും പോലീസ് പറഞ്ഞു. എന്നിട്ടും കേരളത്തിലെ ഒരു വാര്‍ത്താ ചാനലിനും ഇത് ബ്രേക്കിംഗ് ന്യൂസായില്ല…” (രാജീവ് ശങ്കര്‍, ‘മുസ്ലിം; മാധ്യമങ്ങളുടെ ഇര’).
”മലബാര്‍ മേഖലയില്‍ മുസ്ലിം മാനേജ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന പത്രങ്ങള്‍ക്ക് സ്വാഭാവികമായ മുന്‍തൂക്കമുണ്ട്. അതോടൊപ്പം മാതൃഭൂമിയില്‍ നിന്ന് നേരിടുന്ന മല്‍സരത്തെ മറികടക്കുകയും വേണം. ചാലപ്പുറം ഞായറാഴ്ച കോണ്‍ഗ്രസുകാരന്റെ സവര്‍ണ മാധ്യമ സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ പേറുന്ന മാതൃഭൂമിയെ മറികടക്കാന്‍ മനോരമ കണ്ടുപിടിച്ച കുറുക്കുവഴിയാണ് മുസ്ലിം വിരോധം” (എ.ജെ. ജയറാം, ‘ആ സ്വാതന്ത്യ്രം എന്നാണ് റദ്ദായത്?’)
രൂക്ഷമായ വിമര്‍ശങ്ങള്‍! ഇതില്‍ കാര്യമുണ്ടോ? മനോരമക്കും മറ്റും മുസ്ലിം വിരോധമുണ്ടോ? (മനോരമയുടെ വിദ്യാഭ്യാസ പതിപ്പായ ‘പഠിപ്പുര’യില്‍ ടിപ്പു സുല്‍ത്താനെതിരെ ചരിത്ര വിരുദ്ധ കാര്യങ്ങള്‍ വന്നതിന്റെ വിശേഷങ്ങളും രിസാല വാരികയില്‍ ഉണ്ട്. വിരോധം കൊണ്ടാകാനിടയില്ല, മനോരമ സുല്‍ത്താന്‍ ബത്തേരി എന്ന സ്ഥലത്തെ വെറും ബത്തേരി ആക്കിയിട്ട് വര്‍ഷങ്ങളായി.)
രാജീവ് ശങ്കര്‍ ചൂണ്ടിക്കാണിച്ച പോലെ, നടത്തിപ്പുകാര്‍ മുസ്ലിംകളാകുമ്പോള്‍ മാത്രമാണ് പലരും പത്രങ്ങളുടെ ”ജാതി” പറയാറ്. ”പ്രശസ്തമായ ന്യൂസ് ചാനലില്‍ പ്രതിവാര മാധ്യമ അവലോകന പംക്തി” കാരന്‍ ”മുസ്ലിം പത്രങ്ങള്‍” എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇദ്ദേഹം മാത്രമല്ല മുസ്ലിംകളെ മാധ്യമമുഖ്യധാരയില്‍ പെടുത്താന്‍ അറയ്ക്കുന്നത്. കേരളത്തിന്റെ മാധ്യമ അവബോധത്തില്‍ അങ്ങനെയൊരു മുന്‍വിധി കിടപ്പുണ്ടാവണം. കാലിക്കറ്റ് പ്രസ്ക്ലബിലെ ഇഫ്താറിനെപ്പറ്റി ഈ പംക്തിയിലെഴുതിയതിന് പ്രതികരണമായി ക്ലബ് (പ്രസിഡന്റ് ആര്‍. മധുശങ്കര്‍, സെക്രട്ടറി കെ. പ്രേമനാഥ്) അയച്ചുതന്ന കുറിപ്പലും ”മുസ്ലിം പത്രങ്ങള്‍” എന്ന പരാമര്‍ശം ഉണ്ടായിരുന്നു. (ഇതേപ്പറ്റി ഒന്നിലേറെ വായനക്കാര്‍ പ്രതിഷേധമറിയിച്ചിരുന്നു.)
അപ്രഖ്യാപിതമായ ഏതോ മുന്‍വിധി നമ്മെ ഭരിക്കുന്നില്ലേ? ഭീകരവേട്ടയുടെ പേരില്‍ മലയാളികളടക്കം മുസ്ലിംകള്‍ ഇരയാക്കപ്പെടുന്നു എന്ന ആരോപണമുയര്‍ന്നിട്ടും അതന്വേഷിക്കാന്‍ മലയാളത്തിലെ ഒരു മുഖ്യധാരാ മാധ്യമവും തയാറായില്ല എന്നതുകൂടി ഓര്‍ക്കുക.
അരീക്കോട്ട് ബോട്ട് ദുരന്തം നടന്ന ദിവസം (നവംബര്‍ 4) ഏഷ്യാനെറ്റില്‍ വന്ന ഒരു വാര്‍ത്ത, ”മലപ്പുറം ജില്ലയില്‍ മുസ്ലിം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു” എന്നായിരുന്നു. മുസ്ലിം മരിച്ചാല്‍ മുസ്ലിം സ്കൂളിന് ഒഴിവ് എന്ന്, വാര്‍ത്ത തയാറാക്കിയവരുടെ മനസ്സ് പറഞ്ഞുപോയതാവാം.
ഇപ്പോള്‍ ‘ലവ് ജിഹാദ്’ ആരോപണവും മറ്റൊരു ലിറ്റ്മസ് ടെസ്റ്റാവുകയാണ്. ഭയം യഥാര്‍ഥമാണെന്ന് വരുമോ? മലയാള മാധ്യമങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടോ?
ഇല്ല എന്നു തന്നെ വിചാരിക്കുക. വിചാരം നമ്മെ രക്ഷിക്കുമെന്നും.

0 പ്രതികരണങ്ങള്‍ to “വര്‍ഗീയത വളരുന്നു?”



  1. No Comments Yet

ഒരു മറുപടി കൊടുക്കുക