‘ഹിന്ദു’വിനെതിരെ ‘ഹിന്ദു’

ഒറ്റനോട്ടത്തില്‍ വിശ്വസിച്ചുപോകുന്ന ”കഥ”കളാണ് പ്രവീണ്‍ സ്വാമിയുടേത്. ഹിന്ദു ലേഖകനായ ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളില്‍ അവ്യക്തതകളുണ്ടാകില്ല. വാസ്തവങ്ങളും വസ്തുതകളും ധാരാളമുണ്ടാകും. പക്ഷേ, അവക്കൊപ്പം അസത്യങ്ങളും അര്‍ധസത്യങ്ങളും കാണും.
പലപ്പോഴും ഔദ്യോഗിക ഇന്റലിജന്‍സ് വിഭാഗത്തിന്റെ പബ്ലിക് റിലേഷന്‍സ് ധര്‍മമാണ് സ്വാമി ഏറ്റെടുക്കാറ്. ഐ.ബിയിലെയും നാഷനല്‍ സെക്യൂരിറ്റി അഡ്വൈസറുടെ കാര്യാലയത്തിലെയും ഉന്നതരില്‍നിന്ന് കിട്ടുന്ന, മറ്റാര്‍ക്കും കിട്ടാത്ത വിവരങ്ങള്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളില്‍ കാണും.
എന്നാല്‍, പത്രപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത അദ്ദേഹം കളഞ്ഞുകുളിക്കുന്നു. ഔദ്യോഗിക ഭാഷ്യങ്ങളെ സംശയിച്ചും ചോദ്യംചെയ്തും അവയിലെ പഴുതുകള്‍ ചികഞ്ഞുമാണ് ഭരണകൂടത്തിന്റെ ജനവിരുദ്ധ ചെയ്തികളെ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളത് ^ അങ്ങനെ മാത്രമാണ്.
വിയറ്റ്നാമിലെ ‘മീലായ്’ ഗ്രാമത്തില്‍ യു.എസ് സേന നടത്തിയ കൂട്ടക്കൊലയുടെ വിവരം സീമൂര്‍ ഹെര്‍ഷിന് പിന്നീട് കണ്ടെത്താനായത് അദ്ദേഹം ഔദ്യോഗിക മൌനത്തെ അവിശ്വസിച്ചതുകൊണ്ടാണ്. അവിശ്വസിക്കാതിരുന്ന അറുനൂറിലേറെ പത്രക്കാര്‍ അക്കാര്യം അറിഞ്ഞില്ല, അറിയിച്ചില്ല. അതിനുംമുമ്പ്, ഹിരോഷിമയില്‍ അമേരിക്ക ബോംബിട്ടതിനു ശേഷം അധിനിവേശ സേന പ്രചരിപ്പിച്ച ഒരു കാര്യമുണ്ടായിരുന്നു: ബോംബ് മൂലം കുറേയാളുകള്‍ കൊല്ലപ്പെടുകയും കുറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നത് നേരാണെങ്കിലും വിഷമയമായ വികിരണം ഉണ്ടായിട്ടേ ഇല്ല എന്ന്! അന്നും അക്കാലത്തെ പ്രവീണ്‍ സ്വാമിമാര്‍ അണുവികിരണം ഒട്ടും കാണാത്ത ഔദ്യോഗിക ആന്ധ്യത്തിന് കൈയൊപ്പിട്ടുകൊടുത്തിരുന്നു. ”ഹിരോഷിമയിലെ അവശിഷ്ടങ്ങളില്‍ റേഡിയോ ആക്ടിവിറ്റി ഒട്ടുമില്ല” എന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലീഡ് തലക്കെട്ട്.
ഭരണകൂടവും പത്രങ്ങളും തമ്മിലുള്ള ഈ കൂട്ടുകെട്ടിനെ അവിശ്വസിച്ചുകൊണ്ടാണ് ഡെയ്ലി എക്സ്പ്രസിലെ വില്‍ഫ്രഡ് ബര്‍ക്കറ്റ് തന്റെ അന്വേഷണം തുടങ്ങിവെച്ചത്. അത്യന്തം ആപല്‍ക്കരമായ യാത്രയില്‍ ഹിരോഷിമയിലെത്തിയ അദ്ദേഹം (യുദ്ധാനന്തര ഹിരോഷിമയിലെത്തിയ ആദ്യ പത്രലേഖകന്‍) കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ സ്കൂപ്പാണ് അവിടെനിന്നയച്ചത്. ആശുപത്രി വാര്‍ഡുകളില്‍ നിറയെ അവശരായ രോഗികള്‍. കാഴ്ചയില്‍ ഒരു ചെറു പരിക്കുപോലുമില്ലാത്തവര്‍. പക്ഷേ, എല്ലാവരും ”ആണവ മഹാമാരി” പിടിപെട്ട് മരിച്ചുകൊണ്ടിരിക്കുന്നു.
ഈ നേരു പറഞ്ഞതിന് അധികൃതര്‍ ബര്‍ക്കറ്റിന്റെ പ്രസ് അക്രഡിറ്റേഷന്‍ പിന്‍വലിച്ചു. അദ്ദേഹം കടുത്ത ആക്ഷേപങ്ങള്‍ക്കിരയാക്കപ്പെട്ടു. ഒടുവില്‍, പക്ഷേ, അദ്ദേഹം പറഞ്ഞതാണ് ശരിയെന്ന് ലോകം അംഗീകരിക്കുകതന്നെ ചെയ്തു. റിപ്പോര്‍ട്ടറുടെ ഏറ്റവും വിലപ്പെട്ട ആയുധമായ സന്ദേഹശീലത്തിന്റെ വിജയം.
പ്രവീണ്‍ സ്വാമി, പക്ഷേ, സന്ദേഹിക്കുന്നില്ല. ഔദ്യോഗിക വൃത്തങ്ങള്‍^ ഐ.ബിയും മറ്റും ^ പറയുന്നതാണ് അദ്ദേഹത്തിന് പരമമായ സത്യം. കാരണം അത് സ്ഥാപിക്കാനും, വായിക്കാന്‍ രസവും ആധികാരികതയുടെ പരിവേഷവുമുള്ള ”സ്റ്റോറി” രചിക്കാനും വേണ്ടതെല്ലാം സ്രോതസ്സുകള്‍ അദ്ദേഹത്തിന് നല്‍കുന്നു.
പ്രവീണ്‍ സ്വാമി കരുതുന്നത് അദ്ദേഹം തന്റെ സ്രോതസ്സുകളെ ഉപയോഗിക്കുന്നു എന്നാവാം ^ പക്ഷേ, അവര്‍ക്കറിയാം തങ്ങള്‍ സ്വാമിയെ ഉപയോഗിക്കുകയാണെന്ന്.
അവിശ്വാസം ഭരണകൂടത്തോട് വയ്യ എന്ന് നിശ്ചയിച്ച സ്വാമിയുടെ രീതി അദ്ദേഹത്തിന്റെ മേലധികാരി എന്‍. റാം സ്വീകരിച്ചിരുന്നെങ്കില്‍ ബോഫോഴ്സ് ഇടപാടിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ ഹിന്ദുവിന് കഴിയുമായിരുന്നില്ല. സര്‍ക്കാര്‍ ഭാഷ്യത്തെ സംശയിച്ചതുകൊണ്ടു മാത്രമാണല്ലോ റാമും ചിത്രാ സുബ്രഹ്മണ്യവും നേരിന്റെ പിറകെ പോയത്. ഏറ്റുമുട്ടല്‍ കൊലപാതകമെന്നു പൊലീസ് പറഞ്ഞ എത്രയോ സംഭവങ്ങള്‍ ആസൂത്രിത കൊലപാതകങ്ങളായിരുന്നെന്ന് പിന്നീട് കണ്ടെത്തിയത് നാട്ടുകാരും ബന്ധുക്കളും മാധ്യമങ്ങളും ഔദ്യോഗിക വിശദീകരണത്തെ ചോദ്യംചെയ്തതുകൊണ്ടാണ്.
ഇശ്റത്ത് ജഹാന്‍, പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ശൈഖ് തുടങ്ങി നാലു പേരെ ഗുജറാത്തിലെ ”ഏറ്റുമുട്ടല്‍ വീരന്‍” വന്‍സാരയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊന്ന സംഭവത്തിലും പ്രവീണ്‍ സ്വാമി വിശദമായ റിപ്പോര്‍ട്ടുകളെഴുതി. ഒന്നാംനാള്‍ മുതല്‍ ഗുജറാത്ത് സര്‍ക്കാറിന്റെയും പൊലീസിന്റെയും ഭാഷ്യത്തിന് പൂര്‍ണ സ്ഥിരീകരണമാണ് അവ നല്‍കിയത്:
2004 ഫെബ്രുവരിയില്‍ ജമ്മു^കശ്മീരില്‍ പൊലീസ് ഇഹ്സാന്‍ ഇലാഹി എന്ന ഭീകരനെ കൊന്നു. അയാളുടെ പോക്കറ്റില്‍ ഒരു കത്ത്. അതയച്ച ക്രിമിനലിനെ ചോദ്യംചെയ്തപ്പോള്‍ അഹ്മദാബാദിലെ ഒരു അഭിഭാഷകനെപ്പറ്റി വിവരം കിട്ടി^ ”ലശ്കറു”കാരന്‍. അയാളെ പണം കൊടുത്ത് പൊലീസിനുവേണ്ടി ഒറ്റുകാരനാക്കി. അഭിഭാഷകന്റെ പേര് വെളിപ്പെടുത്താന്‍ പറ്റില്ല. ഏതായാലും അയാളെ ഉപയോഗിച്ച് വലമുറുക്കി. കുടുങ്ങിയത് രണ്ട് പാക് പൌരന്മാരും ഒപ്പം ഇശ്റത്തും ജാവേദും. അവര്‍ ഭീകരര്‍ തന്നെ എന്നതിന് വേറെയെന്ത് തെളിവു വേണം?
പൊലീസിന്റെയും ഐ.ബിയുടെയും കഥകള്‍ വില്‍ക്കുന്ന സെയില്‍സ്മാനായി വര്‍ത്തിച്ച പ്രവീണ്‍ സ്വാമിക്ക്, നിരപരാധികളെ ”ഫ്രെയിം” ചെയ്ത് കുടുക്കാനുള്ള അനേകം പഴുതുകളുള്ളതില്‍ ഒന്നുപോലും കാണാനായില്ല.
സ്വാമിയുടെ ഹരംപിടിപ്പിക്കുന്ന ”ആധികാരിക” വാര്‍ത്തകള്‍ 2004ല്‍ എഡിറ്റ് ചെയ്യാതെ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുവും ഫ്രണ്ട്ലൈനും ഇന്ന് 2009ല്‍ പ്രസിദ്ധപ്പെടുത്തുന്ന എഡിറ്റോറിയലുകളും ലേഖനങ്ങളും റിപ്പോര്‍ട്ടുകളുമെല്ലാം പഴയതിന്റെ ഓര്‍മ നഷ്ടപ്പെട്ടിട്ടില്ലാത്ത വായനക്കാരെ അമ്പരപ്പിക്കും.
2004 ജൂലൈയിലെ ഫ്രണ്ട്ലൈനില്‍ സ്വാമിയുടെ അഭിജ്ഞ റിപ്പോര്‍ട്ട്: ”ഇശ്റത്തിന്റെ ഏറ്റുമുട്ടല്‍ മരണം രാജ്യമാകെ ബഹളത്തിനിടയാക്കിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഏറ്റുമുട്ടലില്‍ എന്താണ് ശരിക്കും നടന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ലശ്കര്‍ ഭീകരരെന്ന് ആരോപിക്കപ്പെടുന്ന കൊല്ലപ്പെട്ട നാലു പേര്‍ നരേന്ദ്രമോഡിയെ കൊല്ലാനാണ് ഉദ്ദേശിച്ചതെന്ന പൊലീസിന്റെ അവകാശവാദം ശരിയാവണമെന്നില്ല. ഹിന്ദു മൌലികവാദി നേതാക്കള്‍ക്കെതിരെ ചാവേര്‍ ആക്രമണത്തിന് ഇവര്‍ പരിപാടിയിട്ടത് സത്യമാണ്. പക്ഷേ, തുടക്കം മുതലേ ഇന്ത്യന്‍ രഹസ്യാന്വേഷകര്‍ പിന്തുടരുന്നുണ്ടായിരുന്നു…”
പൊലീസ് ഭാഷ്യത്തെ എതിര്‍ക്കുന്നു എന്ന ഭാവേന അവരുടെ കഥ സ്ഥിരീകരിക്കുകയാണ് സ്വാമി. (പൊലീസ് കഥക്ക് ന്യായങ്ങളുമായി ടി.വി.ആര്‍. ഷേണായിയുമുണ്ടായിരുന്നു പത്രക്കോളങ്ങളില്‍.)
ഇതേ ഫ്രണ്ട്ലൈനില്‍ 2009 സെപ്റ്റംബറില്‍ (സെപ്. 26 ^ ഒക്. 9 ലക്കം) വി. വെങ്കടേശന്‍ വിശദമായ ലേഖനത്തില്‍ എഴുതുന്നു: ”2004ല്‍തന്നെ സംഭവങ്ങളെക്കുറിച്ച പൊലീസ് ഭാഷ്യം വിശ്വസിക്കാന്‍ കൊള്ളാത്തതായിരുന്നു.”
പക്ഷേ, അത് വിശ്വസിക്കാന്‍ സ്വാമിമാര്‍ സദാ സന്നദ്ധരായി നിലകൊണ്ടതുകൊണ്ട് ഫ്രണ്ട്ലൈന്‍ സത്യം പറയാന്‍ അഞ്ചുവര്‍ഷംകൂടി കാത്തു എന്നു മാത്രം! അതും അഹ്മദാബാദ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് എസ്.പി തമങ്ങിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം! (”ഏറ്റുമുട്ടലുകളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഇശ്റത്ത് കേസ് കാണിക്കുന്നതെ”ന്ന സിദ്ധാര്‍ഥ വരദരാജന്റെ ^ ഹിന്ദു, സെപ്. 10 ^ ലേഖനവും കാണുക.)
ഏറ്റുമുട്ടല്‍ കൊലകള്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് വിധേയമാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്റെ മാര്‍ഗരേഖയിലുണ്ട്. അങ്ങനെ ഒന്ന് പ്രവീണ്‍ സ്വാമി അറിഞ്ഞിട്ടില്ല. അദ്ദേഹത്തിന് എല്ലാം ആദ്യം മുതലേ തീര്‍ച്ചയാണ്. സംശയമുണ്ടായിട്ടു വേണ്ടേ അന്വേഷിക്കാന്‍?
സ്വാമിക്ക് തോന്നാത്ത സംശയങ്ങള്‍ തമങ്ങിന് തോന്നി: 2004 ജൂണ്‍ 15ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ കൊലയില്‍ നാല് ഭീകരരും മരിച്ചതെന്ന് പൊലിസ് പറഞ്ഞിരുന്നു. തമങ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചു. ജഡങ്ങള്‍ ഉറച്ച് വിറങ്ങലിച്ചിരുന്നു (റിഗര്‍ മോര്‍ട്ടിസ്); വയറ്റില്‍ അല്‍പം മാത്രം ദഹിച്ചു കഴിഞ്ഞ ഭക്ഷണമുണ്ടായിരുന്നു.
തമങ് വിദഗ്ധരോടന്വേഷിച്ചു. പാദം മുതല്‍ തല വരെ റിഗര്‍ മോര്‍ട്ടിസ് വരാന്‍ മരിച്ച് 12 മണിക്കൂര്‍ കഴിയണം എന്ന് മനസ്സിലാക്കി. മുഴുവന്‍ ദഹിക്കാത്ത ഭക്ഷണം കണ്ടുവെങ്കില്‍ അതിനര്‍ഥം ആഹാരം കഴിച്ച് മൂന്നോ നാലോ മണിക്കൂറില്‍ മരണം നടന്നു എന്നാണെന്നും. പൊലീസ് പറഞ്ഞസമയത്തല്ല മരണം നടന്നതെന്ന് വ്യക്തമാകാന്‍ ഇത് മതിയായിരുന്നു.
കുറെ മുമ്പുതന്നെ ഇവരെ കൊന്ന്, ജൂണ്‍ 15ന് പുലര്‍ച്ചെ ‘ഏറ്റുമുട്ടല്‍’ മരണം നടന്നതായി ഭാവിക്കുകയായിരുന്നു പൊലീസ്. പ്രാഥമികമായ ഈ അന്വേഷണംപോലും പ്രവീണ്‍ സ്വാമി നടത്തിയില്ല. പകരം, ജാവേദ് ശൈഖിന്റെ കാറില്‍ തേങ്ങ കണ്ട് അത് ബോംബായി ഉപയോഗിക്കാനുള്ളതായിരുന്നെന്ന് വിശദീകരിച്ച വന്‍സാരയെ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്തു.
മിക്ക പത്രങ്ങളിലുമെന്നപോലെ ഹിന്ദുവിലുമുണ്ട് രണ്ടു തരം ലേഖകര്‍. നാട്ടിലിറങ്ങി ജനങ്ങളുടെ നാഡിമിടിപ്പറിയുന്ന സായിനാഥിനെപ്പോലുള്ളവരാണ് ഒന്ന്. മറ്റൊന്ന് ശീതീകൃത മുറികളിലിരുന്ന് ഐ.ബിയും മറ്റു ഔദ്യോഗിക കേന്ദ്രങ്ങളും നല്‍കുന്ന ”വിവരങ്ങള്‍” പകര്‍ത്തിയെഴുതുന്ന പ്രവീണ്‍ സ്വാമിമാര്‍.
രണ്ടും തരംതിരിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

0 പ്രതികരണങ്ങള്‍ to “‘ഹിന്ദു’വിനെതിരെ ‘ഹിന്ദു’”



  1. ഒരു അഭിപ്രായം ഇടൂ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )





Follow

Get every new post delivered to your Inbox.