ഒരേ ദിവസം (നവംബര്‍ 30) വന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ കാണുക.
മലയാള മനോരമയില്‍ ഒരു വാര്‍ത്തയുടെ തലക്കെട്ട്: ‘കൈഗ അണുവികിരണം അട്ടിമറി; പിന്നില്‍ ജീവനക്കാര്‍.’
വാര്‍ത്തയില്‍നിന്ന് ചില വാചകങ്ങളുടെ അവസാനഭാഗം ഇങ്ങനെ: ‘… അട്ടിമറി തന്നെയാണെന്ന് ആണവോര്‍ജ കമ്മിഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്കര്‍ സ്ഥിരീകരിച്ചു’; ‘… ഇത് കലര്‍ത്തിയതെന്നു കകോദ്കര്‍ പറഞ്ഞു’; ‘… ജനങ്ങള്‍ക്കോ പരിസ്ഥിതിക്കോ ആണവ നിലയത്തിനോ കുഴപ്പമൊന്നുമില്ലെന്നും ഡോ. കകോദ്കര്‍ പറഞ്ഞു’; ‘… അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു’; ‘…ആശങ്ക വേണ്ടെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധികൃതരും വ്യക്തമാക്കി’; ‘… മന്ത്രി പൃഥ്വിരാജ് ചവാന്‍ വ്യക്തമാക്കി’; ‘… മന്ത്രി പറഞ്ഞു’; ‘… കൈഗ പ്ലാന്റ് സ്റ്റേഷന്‍ ഡയറക്ടര്‍ ജെ.പി. ഗുപ്ത അറിയിച്ചു.’
ഇനി, രണ്ടാമത്തെ വാര്‍ത്ത. തലക്കെട്ട്: ‘നസീര്‍ ബംഗ്ലദേശില്‍ എംബസി ആക്രമണം ലക്ഷ്യമിട്ടെന്ന് സൂചന.’
വാര്‍ത്തയിലെ ചില വാചകാന്ത്യങ്ങള്‍: ‘… നസീറെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി അറിയുന്നു’; ‘… വിവരങ്ങള്‍ ലഭിക്കുമെന്നാണ് സംയുക്ത അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ’; ‘… ഇയാള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചുവെന്നാണ് നിഗമനം’; ‘… എന്നിവര്‍ വഴിയാണ് നസീര്‍ ലഷ്കറെ തയിബയുമായി ബന്ധം സ്ഥാപിച്ചതെന്നാണു സൂചന.’
രണ്ടു വാര്‍ത്തകളിലെയും ആഖ്യാന രീതിയിലെ വ്യത്യാസം ശ്രദ്ധിച്ചുവോ? ഒന്നില്‍ വസ്തുതകള്‍. മറ്റേതില്‍ കേട്ടുകേള്‍വികള്‍. ഒന്നില്‍ വിവരങ്ങളുടെ ഉറവിടങ്ങളെ അവയുടെ ആധികാരികതയെ സംശയിക്കേണ്ടതില്ലാത്ത വിധത്തില്‍ ഉദ്ധരിച്ചിരിക്കുന്നു. രണ്ടാമത്തേതില്‍ ‘അറിയുന്നു’, ‘പ്രതീക്ഷ’, ‘നിഗമനം’, ‘സൂചന’ എന്നീ വാക്കുകളില്‍ ആധികാരികത തട്ടിത്തടഞ്ഞ് നില്‍ക്കുന്നു.
ആദ്യത്തേതില്‍ ഒന്നിലധികം ഉറവിടങ്ങളെ പേരെടുത്ത് പറയുന്നു. രണ്ടാമത്തേതില്‍ ‘സംയുക്ത അന്വേഷണ സംഘ’മെന്നും ‘പൊലീസ്’ എന്നും അവ്യക്തമായ ‘സൂചന’കള്‍ മാത്രം.
മനോരമയുടെ മാത്രം പ്രത്യേകതയാണിതെന്നും കരുതേണ്ട. മാതൃഭൂമിക്കും അതേ രീതിതന്നെ. കൈഗ വാര്‍ത്തയില്‍ ആശുപത്രി അധികൃതരെയും അനില്‍ കകോദ്കറെയും സ്റ്റേഷന്‍ ഡയറക്ടര്‍ ജെ.പി. ഗുപ്തയെയുമൊക്കെ നേരിട്ട് ഉദ്ധരിക്കുന്നു. നസീര്‍വാര്‍ത്തയിലാകട്ടെ, ഇങ്ങനെയും: ‘… ബന്ധമുണ്ടായിരുന്നതായി വിവരം ലഭിച്ചു’; ‘… പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.’
ഇപ്പറഞ്ഞ രണ്ടു പത്രങ്ങള്‍ക്കു പുറമെ മറ്റുപല പത്രങ്ങളിലും ഇതേ ശൈലിയാണ് കാണുക. ചില വാര്‍ത്തകള്‍ക്ക് വസ്തുതാപരമായ ആഖ്യാനം; മറ്റു ചിലതിന് ഊഹാധിഷ്ഠിത വിവരണം. ‘രഹസ്യ കേന്ദ്ര’ത്തില്‍ നടക്കുന്ന ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ വരുന്നത് ഏതൊക്കെയോ പൊലീസ് കേന്ദ്രങ്ങളില്‍നിന്നാവും. അവരാരെന്ന് പറയാനാവില്ല. ഇത്തരം ‘അനാഥ പ്രസ്താവ’ങ്ങള്‍ ഇടക്ക് ഒന്നും രണ്ടുമല്ലതാനും; വാര്‍ത്തകളില്‍ ഉടനീളം അതാണ്. മാത്രമല്ല, അവര്‍ കൊടുക്കുന്ന ‘സൂചന’കള്‍ കൃത്യം തന്നെയോ അതോ പത്രങ്ങളെ ഉപയോഗിച്ച് ഇറക്കുന്ന ചൂണ്ടകളോ എന്നെങ്ങനെ തിരിച്ചറിയാം?
തടിയന്റവിട നസീറിനെ പിടികൂടിയതിനെപ്പറ്റി വ്യത്യസ്ത വാര്‍ത്തകളാണ് തുടക്കത്തില്‍ വന്നത്. അടുത്തകാലത്ത് വാര്‍ത്തകള്‍ക്ക് ഏകീഭാവം കാണുന്നു. പരസ്പര വിരുദ്ധ വിവരങ്ങള്‍ നല്‍കുമ്പോഴും പത്രങ്ങള്‍ ‘അധികൃതരെ’യും ‘അന്വേഷക സംഘങ്ങളെ’യും ‘പൊലീസി’നെയും സൌകര്യപ്രദമായ അവ്യക്തതയോടെ ഉദ്ധരിച്ചുവന്നിരുന്നു.
നസീര്‍ കുറ്റവാളിയാണോ അല്ലേ എന്നത് നമ്മുടെ വിഷയമല്ല. ആകാം. പക്ഷേ, പ്രമാദമായ കേസിന്റെ അന്വേഷണത്തെ പ്പറ്റിയുള്ള വസ്തുനിഷ്ഠ റിപ്പോര്‍ട്ടുകള്‍ക്കുണ്ടാകേണ്ട സൂക്ഷ്മതയോ അവധാനതയോ സംയമനമോ അവക്കില്ല. മറഞ്ഞിരിക്കുന്ന ‘ഉറവിട’ങ്ങള്‍ക്ക് വേണമെങ്കില്‍ തെറ്റായ വിവരം പ്രചരിപ്പിക്കാനും ജനശ്രദ്ധ വഴിതിരിച്ചുവിടാനും കഴിയുന്ന വിധത്തിലാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. വാര്‍ത്തകള്‍ക്കുണ്ടായിരിക്കണമെന്ന് പാഠപുസ്തകങ്ങളില്‍ പറയുന്ന പല ഗുണങ്ങളും അവക്കില്ല.
ഡിസംബര്‍ നാലിലെ ‘നസീറും ഷഫാസും കുറ്റമേറ്റ’ വാര്‍ത്ത അവസാനിക്കുന്നെന്ന് നോക്കുക:
‘… നസീറും സഹായി ഷഫാസും സമ്മതിച്ചു’; ‘… നസീര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി’. സമ്മതിച്ചതും വെളിപ്പെടുത്തിയതും ആരോട്? ലേഖകനോടോ? അല്ലെങ്കില്‍ ആരോട്? വിവരം എവിടെനിന്ന് കിട്ടി? കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇരുവരെയും ചോദ്യം ചെയ്തുവരുകയാണെന്ന പൊതുവിവരം നല്‍കിയ ശേഷം പത്രം പിന്നെയും തുടരുന്നു: ‘… നസീര്‍ വെളിപ്പെടുത്തി’; ‘… നസീര്‍ പറഞ്ഞു’… മുമ്പ് ‘സൂചന’, ‘അന്വേഷക സംഘം വെളിപ്പെടുത്തി’ എന്നിങ്ങനെയെങ്കിലും ഉറവിടങ്ങളുടെ പ്രകൃതം വ്യക്തമാക്കിയിരുന്നിടത്ത് പെട്ടെന്ന് വന്നുചേര്‍ന്ന മാറ്റം ശ്രദ്ധിക്കുക. ഇപ്പോള്‍ ലേഖകര്‍ നേരിട്ട് കണ്ടതും അറിഞ്ഞതും പോലെയാണ് ആഖ്യാനം. ‘സൂചന’യാണ് ആദ്യഘട്ടം; ‘വെളിപ്പെടുത്തല്‍’ രണ്ടാംഘട്ടം. ഇത് തീര്‍ച്ചയുടെ മൂന്നാം ഘട്ടം. അന്വേഷണമാകട്ടെ, ഏറെയൊന്നും മുന്നോട്ടുപോയിട്ടില്ലതാനും.
പത്രത്തിന് ബോധ്യപ്പെട്ടതെന്ന തോന്നലുണ്ടാക്കുന്ന ഈ റിപ്പോര്‍ട്ടിങ് രീതിയല്ലാതെ മറ്റൊരു രീതി ഉണ്ടോ? ഉണ്ട്. പത്രപ്രവര്‍ത്തനത്തിന്റെ പ്രഫഷനല്‍ ശൈലിയില്‍ പെടുന്ന കര്‍തൃത്വാരോപണം (attribution) ആണ് ആ രീതി. തേജസ് നോക്കുക (‘ബാംഗ്ലൂര്‍ സ്ഫോടനം: പങ്കുണ്ടെന്ന് നസീര്‍): ‘… സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് പിടിയിലായ കണ്ണൂര്‍ തടിയന്റവിട നസീര്‍ സമ്മതിച്ചതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി… ഈ വിവരം മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയ ചോദ്യം ചെയ്യല്‍ സംഘത്തിലെ
പൊലീസ് നല്‍കിയ വിവരം സ്വയം സ്ഥിരീകരിച്ചെന്ന മട്ടിലുള്ള മനോരമ ശൈലിക്കാണ് ഇന്ന് പ്രചാരം കൂടുതല്‍^ വിശേഷിച്ച് തീവ്രവാദ വാര്‍ത്തകളില്‍. അത് വായനക്കാരുടെ നിര്‍ഭാഗ്യം.
രാഷ്ട്രപതിമാരും പ്രധാനമന്ത്രിമാരും വിദേശങ്ങളില്‍ പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ഒപ്പം കൊണ്ടുപോകുന്ന പതിവുണ്ട്. പണ്ടൊക്കെ നിഷ്പക്ഷരായ പത്രക്കാരെ കൊണ്ടുപോകാന്‍ നേതാക്കള്‍ക്ക് മടിയുണ്ടായിരുന്നില്ല. വിദേശപര്യടനം അതര്‍ഹിക്കുന്ന ഗൌരവത്തില്‍, ആഴത്തിലുള്ള വിശകലനത്തോടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ആ പത്രങ്ങള്‍ക്ക് കഴിയുകയും ചെയ്തിരുന്നു.
കാലം ചെന്നപ്പോള്‍ കുറെ പത്രക്കാരെങ്കിലും വി.ഐ.പി പര്യടന സംഘത്തിലെത്തുന്നത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് എന്ന് വന്നു. ഇതിന്റെ ഫലമോ, റിപ്പോര്‍ട്ടിലെ ആഴവും നിഷ്പക്ഷതയും കുറഞ്ഞു. അധികൃതര്‍ ആഗ്രഹിക്കുന്ന റിപ്പോര്‍ട്ടുകളേ പത്രങ്ങളില്‍ വരൂ എന്നായി. ഒരുതരം എംബെഡിങ്. സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സിന്റെ അനുബന്ധം.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ ഏജന്‍സികളും പത്രലേഖകരും അയച്ച റിപ്പോര്‍ട്ടുകള്‍ നോക്കുക. ഇന്ത്യ^അമേരിക്കന്‍ ബന്ധങ്ങളുടെ സര്‍ക്കാര്‍ ഇഷ്ടപ്പെട്ട വശം മാത്രം പ്രതിപാദിച്ച് അവ അടങ്ങുന്നു. ആണവ കരാറിനെപ്പറ്റി ഒബാമ സൃഷ്ടിച്ചിരുന്ന സന്ദേഹം പെട്ടെന്നില്ലാതായിരുന്നു; ഇറാനെതിരെ ഇന്ത്യ മറ്റൊരു വോട്ടുകൂടി ചെയ്തു. ഇതിന്റെയെല്ലാം പിന്നാമ്പുറക്കഥകള്‍ അന്വേഷിച്ച് അറിയിക്കാമായിരുന്ന പത്രങ്ങള്‍ നമ്മെ അറിയിച്ചതെന്തൊക്കെ?
ഒബാമ മന്‍മോഹന് നല്‍കിയ വിരുന്നായിരുന്നു മുഖ്യവാര്‍ത്ത! നവംബര്‍ 26ലെ ഹിന്ദു പിന്‍പുറം പകുതിയും അതിന്റെ പടങ്ങളും വര്‍ണനയുമായിരുന്നു.
മനോരമ അതിന്റെ പാടവം മുഴുവന്‍ വിരുന്നിനെ വിവരിക്കാന്‍ ഉപയോഗിച്ചു. വിരുന്ന് വിശദമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആദ്യമേ ന്യായീകരണവും നല്‍കി. ‘വിരുന്നൊരുക്കി മിഷേല്‍…’ എന്ന റിപ്പോര്‍ട്ടില്‍ (നവം. 24) നിന്ന്: ‘വിരുന്നിലെ വിഭവങ്ങള്‍, കലാപരിപാടികള്‍, അതിഥികള്‍ തുടങ്ങിയ വിവരങ്ങളെല്ലാം അറിയിച്ച് ആതിഥേയ മിഷേല്‍ ഒബാമയുടെ വാര്‍ത്താ സമ്മേളനമാണു ശ്രദ്ധേയമായത്. രാഷ്ട്രപതി ഭവനിലും ഇത്തരം സ്വീകരണങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഇതിലെ വിവരങ്ങള്‍ പുറത്തുവിടുന്ന പതിവില്ല’ (നവം. 24).
അതെ, രാഷ്ട്ര നേതാക്കളുടെ നയതീരുമാനങ്ങളല്ല, വിരുന്നിലെ വിഭവങ്ങളെപ്പറ്റിയാണ് വാര്‍ത്താ സമ്മേളനം. എങ്കില്‍ ഇതുതന്നെ വാര്‍ത്ത എന്ന് മനോരമ.
സന്തോഷത്തിനിടയിലുമുണ്ടായി നിരാശ. വിമാനത്തില്‍ ഷാംപെയ്ന്‍ എന്ന മദ്യം കിട്ടിയില്ല! ‘എയര്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി പ്രധാനമന്ത്രിയുടെ പ്രത്യേക വിമാനമായ ബോയിങ് 747 ആഗ്രയിലും പ്രതിഫലിച്ചു. വി.ഐ.പി യാത്രകളിലെ ആര്‍ഭാടങ്ങളെല്ലാം നന്നേ കുറവായിരുന്നു ഇത്തവണ. വില കൂടിയ ഷാംപെയ്നുകള്‍ ഒഴിവാക്കി. പതിവായി നല്‍കാറുള്ള റഷ്യന്‍ മല്‍സ്യമുട്ടകൊണ്ടുള്ള വിഭവവും (കാവിയര്‍) ഇത്തവണ വിമാനം കയറിയില്ല.’
നവംബര്‍ 26ന് വീണ്ടും വരുന്നു ‘മന്‍മോഹന് വൈറ്റ് ഹൌസില്‍ മനംമയങ്ങും വിരുന്ന്’: പ്രധാനമന്ത്രിയുടെ പര്യടനം ‘കവര്‍’ ചെയ്യുകയെന്നാല്‍ നല്ല നിരീക്ഷണ പാടവവും ചങ്കൂറ്റവും ആവശ്യമുണ്ടായിരുന്നു പണ്ട്. ഇന്ന് അതൊന്നും വേണ്ട. നല്ല വിശപ്പും ദാഹവും പിന്നെ പ്രധാനമന്ത്രിയെ സുഖിപ്പിക്കാന്‍ പോന്ന ഏതാനും വിശേഷണ പദങ്ങളുടെ കൈയിരിപ്പും ധാരാളം.
ഒരു സഹപ്രവര്‍ത്തകനെ വൈറ്റ് ഹൌസിലേക്ക് പ്രവേശിപ്പിക്കാതിരുന്ന സംഭവം പോലും പല പത്രങ്ങളിലും വന്നില്ല. 90 ഓളം ഇന്ത്യന്‍ പത്രക്കാരുണ്ടായിരുന്നു മന്‍മോഹന്‍ സിങ്ങിനോടൊപ്പം. ഒബാമയും സിങ്ങും നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍നിന്നാണ് ഉര്‍ദുപത്രമായ രാഷ്ട്രീയ സഹാറയുടെ എഡിറ്റര്‍ അസീസ് ബര്‍ണിയെ വിലക്കിയത്. പി.ടി.ഐ ഇത് റിപ്പോര്‍ട്ട് ചെയ്തു; പക്ഷേ, സംഗതി ഒതുക്കിവെക്കാനുള്ള അധികൃത തീരുമാനത്തോടൊപ്പമാണ് മിക്ക ലേഖകരും നിന്നത്.
കോടതികള്‍ എക്സിക്യൂട്ടിവിന്റെ ഉപവകുപ്പായിപ്പോകുമോ?
അടുത്ത കാലത്തായി കണ്ടുവരുന്ന ചില പ്രവണതകളാണ് ഈ ആശങ്ക ഉയര്‍ത്തുന്നത്. തീവ്രവര്‍ഗീയതയുടേതായ ശൈലികള്‍ കോടതികള്‍ കടമെടുക്കുന്നു. ഭരണകൂടത്തിന്റെ അവകാശവാദങ്ങള്‍ അപ്പടി വിഴുങ്ങുന്നു. 1970കളില്‍ അടിയന്തരാവസ്ഥയെ രാജ്യം അതിജീവിച്ചത് കോടതികളുടെ നിഷ്പക്ഷതയിലൂടെയാണ്. 1980കളില്‍ തുടങ്ങിയ ജുഡീഷ്യല്‍ ആക്ടിവിസം നാട്ടിലെ പ്രാന്തവത്കൃതര്‍ക്കും തിരസ്കൃത വിഭാഗങ്ങള്‍ക്കും നല്‍കിയ സുരക്ഷാബോധം വലുതായിരുന്നു.
നിയമനിര്‍മാണ സഭകള്‍ക്കു പിഴച്ചാലും ഭരണ നിര്‍വഹണവിഭാഗം അത്യാചാരം കാണിച്ചാലും തിരുത്താന്‍ ഒരു നീതിനിര്‍വഹണ വിഭാഗമുണ്ടെന്ന് രാജ്യത്തിന് അന്നൊക്കെ ബോധ്യപ്പെട്ടു.
പക്ഷേ, ഇപ്പോള്‍ ആ ബോധ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ദല്‍ഹി ബട്ലഹൌസ് ”ഏറ്റുമുട്ടല്‍” കൊലയെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യം നിരാകരിച്ച സുപ്രീംകോടതി അതിനു പറഞ്ഞ ന്യായം ഏറ്റവും ഒടുവിലത്തെ ആപത്സൂചനയാണ്. അത് നല്‍കുന്ന സൂചനകള്‍ ഭയാനകവും.
2008 സെപ്റ്റംബര്‍ 19നാണ് ദല്‍ഹി പൊലീസിലെ ”ഏറ്റുമുട്ടല്‍ വിദഗ്ധന്‍” എം.സി. ശര്‍മയും സംഘവും ബട്ലഹൌസിലെത്തി ഭീകരരെന്നു പറഞ്ഞ് രണ്ട് യുവാക്കളെ കൊന്നത്. ശര്‍മയും വെടിയേറ്റ് കൊല്ലപ്പെട്ടു. അതിനും ഒരാഴ്ച മുമ്പ് ദല്‍ഹിയിലുണ്ടായ സ്ഫോടനങ്ങള്‍ക്ക് ഉത്തരവാദികള്‍ ഇന്ത്യന്‍ മുജാഹിദീന്‍ ആണെന്നും കൊല്ലപ്പെട്ട ആതിഫ് അമീനും മുഹമ്മദ് സാജിദും അതില്‍പ്പെട്ട ഭീകരരാണെന്നും പൊലീസ് ആരോപിച്ചു.
അനേകം ”ഏറ്റുമുട്ടലുകള്‍” വ്യാജമായിരുന്നെന്നും മേലുദ്യോഗസ്ഥര്‍ക്കു മുന്നില്‍ കാര്യക്ഷമത തെളിയിക്കാനും മറ്റും നടത്തിയ നാടകങ്ങളായിരുന്നെന്നും അന്വേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കോടതികള്‍തന്നെ ഇക്കാര്യം എടുത്തുപറഞ്ഞിട്ടുമുണ്ട്.
നഗ്നമായ ഇത്തരം കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ മാര്‍ഗനിര്‍ദേശം നല്‍കി: ഏറ്റുമുട്ടല്‍ കൊലകളെപ്പറ്റി മജിസ്ട്രേറ്റ്തല അന്വേഷണങ്ങള്‍ നടത്തണം.
എന്നാല്‍, ബട്ലഹൌസ് ഏറ്റുമുട്ടലിന്റെ കാര്യത്തില്‍ മനുഷ്യാവകാശ കമീഷന്‍പോലും പൊലീസിന്റെ പക്ഷം ചേര്‍ന്നെന്ന ആരോപണമുയര്‍ന്നു. അന്വേഷണം ശരിക്കു നടത്താതെ പൊലീസിന്റെ വാദങ്ങള്‍ പകര്‍ത്തിയതായിരുന്നു റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം തേടി സന്നദ്ധ സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. കോടതിയും അത് തള്ളി. അതിനു പറഞ്ഞ കാരണം: അത്തരമൊരന്വേഷണം പൊലീസിന്റെ മനോവീര്യം തകര്‍ക്കും. പൊലീസിനെ ആവശ്യമില്ലാതെ ഉപദ്രവിക്കലാകുമത്.
പൊലീസിന്റെ ചെയ്തിയെപ്പറ്റി അന്വേഷണം നടത്തുന്നത് എങ്ങനെയാണ് അവരുടെ മനോവീര്യത്തെ ബാധിക്കുക? അവര്‍ ചെയ്തത് ശരിയാണെന്ന് തെളിഞ്ഞാല്‍ മനോവീര്യം ഉയരുകയല്ലേ ചെയ്യുക? പൊലീസ് തെറ്റു ചെയ്തെങ്കിലേ അന്വേഷണത്തെ ഭയക്കേണ്ടതുള്ളൂ. തെറ്റുചെയ്തെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടുപ്പോഴാണ് നിയമവാഴ്ച സ്ഥാപിക്കപ്പെടുക.
അന്വേഷണം നടത്തണമെന്ന ആവശ്യത്തെപ്പറ്റി കോടതി പറയുന്നു, ” കുറ്റവാളികള്‍ കുറ്റവാളികള്‍തന്നെയാണ്” എന്ന്. അന്വേഷിക്കും മുമ്പ് അത്തരമൊരു വിധിപ്രസ്താവം നടത്തുന്നത് എങ്ങനെയാണ് നിയമവാഴ്ചയെ സഹായിക്കുക?
പൊലീസ് അതിക്രമം കാണിക്കാറുണ്ടെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്്. പല സംഭവങ്ങളിലും പൊലീസിനെതിരെ കേസും അന്വേഷണവുമുണ്ട്. ഇനിയങ്ങോട്ട് ഇത്തരം കേസിലെല്ലാം പരമോന്നത കോടതിയുടെ ”മനോവീര്യ” വാദം ചൂണ്ടിക്കാട്ടി പൊലീസിന് രക്ഷപ്പെടാനാവില്ലേ? ഏത്് ഭരണഘടനയും ഏതു നിയമാവലിയുമാണ് ജനങ്ങളുടെ മൌലികാവകാശത്തിനുപരി പൊലീസിന്റെ വീര്യത്തെ പ്രതിഷ്ഠിച്ചിട്ടുള്ളത്?
ജനങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സുരക്ഷ നല്‍കേണ്ടവരാണ് പൊലീസ്. ജനങ്ങള്‍ക്ക് മനോവീര്യം വേണ്ടെന്നുവരുമോ? അവരുടെ സുരക്ഷ നിരാകരിച്ചും നിരപരാധികളെ വെറുതെ കൊന്നും പൊലീസ് വിരാജിച്ചാല്‍ തടയേണ്ട കോടതി വരെ വ്യാകുലപ്പെടുന്നത് ജനങ്ങളുടെ സുരക്ഷയെപ്പറ്റിയല്ല, പൊലീസിന്റെ മനോവീര്യത്തെപ്പറ്റിയാണെന്നോ മനസ്സിലാക്കേണ്ടത്?
മനുഷ്യാവകാശ കമീഷന്‍ മാര്‍ഗനിര്‍ദേശപ്രകാരം നടക്കേണ്ട മജിസ്ട്രേറ്റുതല അന്വേഷണം ഈ സംഭവത്തിലുണ്ടായില്ല. ഇത്തരം ചട്ടലംഘനത്തിന് കോടതി ഇപ്പോള്‍ സാധുത നല്‍കുകയല്ലേ ചെയ്തത്? സമാന സംഭവത്തില്‍ സുഹ്റാബുദ്ദീന്‍ ശൈഖിനെ പൊലീസ് കൊലചെയ്തതായി അന്വേഷണത്തിലാണ് കണ്ടെത്തിയത്. അത് വേണ്ടിയിരുന്നില്ല എന്നല്ലേ കോടതിവിധിയുടെ അര്‍ഥം?
ബട്ലഹൌസ് സംഭവത്തെപ്പറ്റിയുള്ള പൊലീസ് ഭാഷ്യത്തിലെ പൊരുത്തക്കേടുകളും സ്ഥലവാസികളുടെ സംശയങ്ങളും ഇനി ആര് വിശദീകരിക്കും? നിരപരാധികളായ പൌരന്മാരുടെ ജീവനെടുത്തതെന്ന് കരുതപ്പെടുന്ന സംഭവത്തില്‍, അതല്ല സംഭവിച്ചതെന്ന് തെളിയിക്കാന്‍ ഭരണകൂടത്തിന് ബാധ്യതയില്ലെന്നല്ലേ ഇപ്പോള്‍ വന്നിരിക്കുന്നത്?
ഭരണഘടന പ്രകാരം കിട്ടേണ്ട മൌലികാവകാശവും ഭരണകൂടത്തിന്റെ സംശയാസ്പദ താല്‍പര്യവും തമ്മില്‍ ഏറ്റുമുട്ടുന്നിടത്ത് ജുഡീഷ്യറി ഏതു ഭാഗത്താണ് നില്‍ക്കേണ്ടത്?
(മാധ്യമം ആഴ്ചപ്പതിപ്പ് 2009 നവംബര്‍)
സ്നേഹം നടിച്ച് മതം മാറ്റുന്നത് കൊടുംപാതകമെന്ന് കേരള കാത്തലിക് ബിഷപ്സ് കൌണ്‍സില്‍ (കെ.സി.ബി.സി) അസന്ദിഗ്ധമായി വ്യക്തമാക്കിയിരിക്കുന്നു. കേരളത്തില്‍ നടക്കുന്നുവെന്ന് അവര്‍ കരുതുന്ന ചില വിവാദ സംഭവങ്ങളാണ് പശ്ചാത്തലം. അതിനിടക്ക് ഇതാ ഇറാഖില്‍നിന്ന് കുറെ മതപരിവര്‍ത്തന വിശേഷങ്ങള്‍.
കെ.സി.ബി.സി അറിഞ്ഞുകാണില്ല, സൈനിക അധിനിവേശം നടത്തി ഇറാഖികളെ കൂട്ടമായി മതംമാറ്റാന്‍ അവിടത്തെ അമേരിക്കന്‍ സേന ശ്രമിക്കുന്നതായ വാര്‍ത്തകള്‍. പറയുന്നത് ക്രൈസ്തവ മിഷനറിമാര്‍കൂടിയായ സൈനിക ഉദ്യോഗസ്ഥരും അവരെ ഉദ്ധരിച്ച് ചില ക്രൈസ്തവ സംഘടനകളും തന്നെ. അടുത്തകാലത്ത് പുറത്തുവന്ന വിവരങ്ങള്‍ അറിയുന്നതോടെ കെ.സി.ബി.സിയെപോലുള്ള സംഘടനകള്‍ ”സ്നേഹം നടിക്കാതുള്ള” ഇത്തരം മതപരിവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിക്കുമെന്ന് പ്രതീക്ഷിക്കാം.
സൈനിക നിയമങ്ങള്‍ പരസ്യമായി ലംഘിച്ച് യു.എസ് പട്ടാളക്കാര്‍ 2003 മുതല്‍ മതപരിവര്‍ത്തന സാമഗ്രികള്‍ ^അറബിയിലും സ്വാഹിലിയിലും മറ്റുമുള്ള ബൈബിള്‍ കോപ്പികള്‍, ചിത്രകഥകള്‍, വീഡിയോകള്‍, ഓഡിയോകള്‍, ലഘുലേഖകള്‍ ^ഇറാഖികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നു എന്ന് ”മിലിട്ടറി റിലീജ്യസ് ഫ്രീഡം ഫൌണ്ടേഷന്റെ” സ്ഥാപകന്‍ മൈക്കി വൈന്‍സ്റ്റൈന്‍ തെളിവ് സഹിതം പറയുന്നു. 2008ല്‍ മാത്രം 2,26,000 ലഘുലേഖകളും 21,000 ബൈബിളും ഇറാഖിലേക്ക് ഒളിച്ചുകടത്തിയെന്ന് വേള്‍ഡ് വൈഡ് മിലിട്ടറി ബാപ്റ്റിസ്റ്റ് മിഷന്റെ 2009 ജനുവരി വാര്‍ത്താപത്രികയില്‍ എടുത്തുകാട്ടി.
മതപരിവര്‍ത്തനം ലക്ഷ്യമാക്കി 270 ചാപ്ലയ്ന്‍മാര്‍ക്ക് പ്രത്യേക പരിശീലനമുണ്ട്. ബൈബിളിന്റെയും മറ്റും കോപ്പികളില്‍ യു.എസ് സൈന്യത്തിന്റെ ചിഹ്നം പതിച്ചിട്ടാണത്രെ ഇറാഖികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ക്രൈസ്തവവത്കരണത്തെ യു.എസ് സൈന്യം സഹായിക്കുന്ന കാര്യം ഒരു മിഷനറി ചാനല്‍ സംപ്രേഷണം ചെയ്യാറുണ്ട് എന്നും വൈന്‍സ്റ്റൈന്‍ പറയുന്നു.
പരമത ദ്വേഷം പ്രചരിപ്പിക്കുന്നു എന്നാണ് അധിനിവേശ സേനക്കെതിരായ മറ്റൊരു ആക്ഷേപം. തീവ്ര ഇസ്ലാം വിരുദ്ധരെ (ബ്രി ഗിറ്റ് ഗബ്രിയേല്‍ ഉദാഹരണം) വിളിച്ച് സൈനികരോട് പ്രസംഗിപ്പിക്കുന്നു.
ഇത് ചിലപ്പോള്‍ സൈനികരെക്കൊണ്ട് ചില കടുംകൈകള്‍ ചെയ്യിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ബഗ്ദാദിനടുത്ത് നാട്ടുകാര്‍ യു.എസ് സൈനികര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയ സംഭവം ലോകശ്രദ്ധ നേടിയിരുന്നു. വെടിവെച്ച് പരിശീലിക്കാനുള്ള ഉന്നമായി ഖുര്‍ആനെ ഒരു പട്ടാളക്കാരന്‍ ഉപയോഗിച്ചതാണ് കാരണം. മേജര്‍ ജെഫ്രി ഹാമണ്ട് പരസ്യമായി മാപ്പുപറഞ്ഞാണ് ജനരോഷം ഒതുക്കിയത്.
‘ചിക് പബ്ലിക്കേഷന്‍സ്’ ഇറക്കിയ ചിത്രകഥകളും പ്രകോപനപരമായിരുന്നു. വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങള്‍ സൈനിക വാഹനങ്ങളില്‍ പെയിന്റ് ചെയ്ത് പ്രദര്‍ശിപ്പിച്ച സംഭവങ്ങള്‍ ഏറെ. ഒരു വാഹനത്തില്‍ അറബിയിലെഴുതിയ വാക്കുകള്‍ ”യേശു മുഹമ്മദിനെ കൊന്നു” എന്നായിരുന്നു. ഇത്തരം സംഭവങ്ങളെപ്പറ്റി 2009 മേയിലെ ഹാര്‍പേഴ്സ് മാഗസിനില്‍ ജെഫ് ഷാര്‍ലറ്റ് കവര്‍സ്റ്റോറി ചെയ്തു^ ”യേശു മുഹമ്മദിനെ കൊന്നു: ഇത് ക്രൈസ്തവ സൈന്യത്തിനുവേണ്ടിയുള്ള കുരിശുയുദ്ധം.”
കുരിശുയുദ്ധമെന്ന് പ്രസിഡന്റ് ജോര്‍ജ് ബുഷ് വിളിച്ചത്, അസത്യം പറഞ്ഞുകൊണ്ട് ഇറാഖിലും മറ്റും കടന്നാക്രമണം നടത്തി ചെയ്ത ”ഭീകരവിരുദ്ധ യുദ്ധ”ത്തെയാണല്ലോ. ആഗോള വിമര്‍ശം വന്നപ്പോള്‍ അദ്ദേഹം അത് തിരുത്തിയെങ്കിലും യു.എസ് സൈന്യത്തില്‍ ഏറെപേരും കുരിശുയുദ്ധമായിട്ടുതന്നെയാണ് അതിനെ കാണുന്നത്. ലെഫ്റ്റനന്റ് ജനറല്‍ വില്യം ജെറി ബോയ്കിന്‍ പരസ്യമായിതന്നെ പറഞ്ഞു, ഇത് സാത്താനും ക്രൈസ്തവരും തമ്മിലുള്ള യുദ്ധമാണ് എന്ന്.
ഇത്തരമൊരു അധിനിവേശവും സായുധ മതപരിവര്‍ത്തനവും നടന്നുകൊണ്ടിരിക്കെയാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇസ്ലാമും ക്രിസ്തുമതവും തമ്മിലുള്ള ”വ്യത്യാസ”ത്തെപ്പറ്റി2006ല്‍ പറഞ്ഞത്^ ക്രിസ്തുമതം യുക്തിയിലധിഷ്ഠിതമാണ്; ഇസ്ലാം അതിനെ നിരാകരിക്കുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് തെളിവായി മാര്‍പാപ്പ എടുത്തുകാട്ടിയ വാദം വലിയ ഒച്ചപ്പാടാണുണ്ടാക്കിയത്^ മതം വാളുകൊണ്ട് പ്രചരിപ്പിക്കണമെന്നാണ് മുഹമ്മദ് അനുയായികളോട് പറഞ്ഞതത്രെ.
മാര്‍പാപ്പ പിന്നീട് ഇത് പിന്‍വലിച്ചു. പക്ഷേ, ബുഷിന്റെ നാക്കുപിഴപോലെ ഇതും തിരുത്താനാവാത്ത ചില കാര്യങ്ങളിലേക്ക് സൂചന നല്‍കി.
അധിനിവേശ യുദ്ധത്തിനിടെ, സായുധസജ്ജരായി നിന്ന് മതപരിവര്‍ത്തനം നടത്തുന്നത് ആരെന്ന ചോദ്യം ഉയരുന്നേയില്ല. ലക്ഷക്കണക്കിന് മനുഷ്യരെ കൊന്ന് നടത്തുന്നത് എന്തുതരം ”ശുശ്രൂഷ” എന്നും ”സുവിശേഷ”മെന്നും ചോദിക്കുന്നില്ല. മതപരിവര്‍ത്തനം ഇങ്ങനെയോ എന്ന ചോദ്യവും ആരും ഉന്നയിക്കുന്നില്ല.
കെ.സി.ബി.സിക്ക് അത് ചെയ്യാവുന്നതാണ്.
(മാധ്യമം ആഴ്ചപ്പതിപ്പ് )
മലയാള പത്രലോകത്ത് അസുഖകരമായ ഒരു ധ്രുവീകരണം നടക്കുന്നുണ്ടോ? ‘ലവ് ജിഹാദ്’ വിവാദം ഒരിക്കല്‍കൂടി ഈ ചോദ്യം ഉയര്‍ത്തിവിടുന്നു.
വിവിധ പത്രങ്ങള്‍ ചൂടുള്ള വാര്‍ത്തകള്‍ കണ്ടെത്തി ‘ലവ് ജിഹാദ്’ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നു. മറ്റൊരു കൂട്ടം പത്രങ്ങള്‍ ഇതിന്റെ അടിസ്ഥാന ധാരണകളെത്തന്നെ ചോദ്യം ചെയ്യുന്നു.
”പ്രണയപ്പോരാട്ടം” നടക്കുന്നുവെന്ന് സ്ഥാപിക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നവരുടെ നടത്തിപ്പുകാര്‍ മുസ്ലിംകളല്ല, അതിനെ ചോദ്യം ചെയ്യുന്ന പത്രങ്ങളാകട്ടെ മുസ്ലിംകള്‍ നടത്തിപ്പുകാരായിട്ടുള്ളവരും.
‘ലവ് ജിഹാദ്’ യഥാര്‍ഥത്തില്‍ നടക്കുന്നുവെന്നും, പക്ഷേ, അതില്ലെന്ന് കള്ളം പറഞ്ഞ് സ്ഥാപിക്കാന്‍ ഏതാനും പത്രങ്ങള്‍ ശ്രമിക്കുന്നു എന്നുമാണോ ഇതിനര്‍ഥം? അതോ അങ്ങനെയൊന്ന് ഇല്ലെന്നും ഉണ്ടെന്നു സ്ഥാപിക്കാന്‍ മറ്റുള്ളവ യത്നിക്കുന്നു എന്നുമോ?
ഒന്നുരണ്ട് വസ്തുതകള്‍ ഇവിടെ പ്രസക്തമാണ്. ഒന്ന്, ഇങ്ങനെയൊരു പ്രണയരീതിയെപ്പറ്റി വാര്‍ത്തകളെഴുതിയ പത്രങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കും (ഒന്നുരണ്ടു സംഭവങ്ങളെ സാമാന്യവത്കരിക്കാനല്ലാതെ) തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിലെയും കര്‍ണാടകയിലെയും ഉത്തരവാദപ്പെട്ട പൊലീസ് മേധാവികള്‍ ‘ലവ് ജിഹാദി’ന് തെളിവില്ലെന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു.
രണ്ടാമത്, ചില പത്രങ്ങള്‍ പൊലിപ്പിച്ച സംഭവങ്ങള്‍പോലൊന്ന് നടന്നതായി തെളിഞ്ഞിട്ടുണ്ട്. അതില്‍, പക്ഷേ, മുസ്ലിമല്ലാത്ത ഒരാള്‍ (കര്‍ണാടകയിലെ ആനന്ദ് എന്ന മോഹന്‍കുമാര്‍) ആണ് പ്രണയം നടിച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊന്നതായി വെളിപ്പെട്ടത്. ഈ സംഭവത്തെ സാമാന്യവത്കരിക്കാന്‍ ‘ലവ് ജിഹാദി’നെ പൊലിപ്പിച്ചവര്‍ മുന്നോട്ടുവന്നില്ല. സെന്‍സേഷനല്‍ വാര്‍ത്തയുടെ ചേരുവകളുണ്ടായിട്ടും ഇത് ഏറെയൊന്നും മാധ്യമങ്ങളില്‍ നിലനിന്നില്ല.
മറുവശത്ത് ‘ലവ്ജിഹാദി’നെപ്പറ്റി എഴുതിയ മാധ്യമങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. രിസാല വാരികയുടെ പുതിയ ലക്കം (ലക്കം 866, 2009 നവംബര്‍ 13) ഏതാനും പത്രങ്ങള്‍ക്കെതിരായ കുറ്റപത്രം തന്നെയാണ്:
”ഒറ്റപ്പെട്ട സംഭവങ്ങളില്‍ മണംപിടിച്ച് മലയാള മനോരമയിലെ നാല്‍വര്‍ സംഘമാണ് ആയിരത്തൊന്ന് രാവുകളെ അമ്പരപ്പിക്കുന്നവിധം നാലായിരം പ്രണയകഥകളുമായി” കേരളത്തിന്റെ പ്രഭാതത്തെ വിരുന്നൂട്ടുന്നത്. ”കഥയില്‍ പറയുന്ന നാലായിരത്തില്‍പരം പെണ്‍കുട്ടികളില്‍ 3997ന്റെയും നാടോ വീടോ രക്ഷിതാക്കളുടെ വിവരമോ നിലവിലുണ്ടോ?…” (ഒ.അബ്ദുല്ല, ‘ലൌ ജിഹാദല്ല, ലൌ സയനൈഡ്’).
”വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ച ശേഷം സയനൈഡ് നല്‍കി പതിനെട്ട് യുവതികളെ കൊലപ്പെടുത്തിയ ആനന്ദ് എന്ന മോഹന്‍ കുമാറിനെ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസ് വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞത്. കൊല്ലപ്പെട്ട യുവതികളില്‍ അഞ്ചു പേര്‍ കാസര്‍കോട്ടുകാരാണെന്നും പോലീസ് പറഞ്ഞു. എന്നിട്ടും കേരളത്തിലെ ഒരു വാര്‍ത്താ ചാനലിനും ഇത് ബ്രേക്കിംഗ് ന്യൂസായില്ല…” (രാജീവ് ശങ്കര്‍, ‘മുസ്ലിം; മാധ്യമങ്ങളുടെ ഇര’).
”മലബാര്‍ മേഖലയില്‍ മുസ്ലിം മാനേജ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന പത്രങ്ങള്‍ക്ക് സ്വാഭാവികമായ മുന്‍തൂക്കമുണ്ട്. അതോടൊപ്പം മാതൃഭൂമിയില്‍ നിന്ന് നേരിടുന്ന മല്‍സരത്തെ മറികടക്കുകയും വേണം. ചാലപ്പുറം ഞായറാഴ്ച കോണ്‍ഗ്രസുകാരന്റെ സവര്‍ണ മാധ്യമ സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ പേറുന്ന മാതൃഭൂമിയെ മറികടക്കാന്‍ മനോരമ കണ്ടുപിടിച്ച കുറുക്കുവഴിയാണ് മുസ്ലിം വിരോധം” (എ.ജെ. ജയറാം, ‘ആ സ്വാതന്ത്യ്രം എന്നാണ് റദ്ദായത്?’)
രൂക്ഷമായ വിമര്‍ശങ്ങള്‍! ഇതില്‍ കാര്യമുണ്ടോ? മനോരമക്കും മറ്റും മുസ്ലിം വിരോധമുണ്ടോ? (മനോരമയുടെ വിദ്യാഭ്യാസ പതിപ്പായ ‘പഠിപ്പുര’യില്‍ ടിപ്പു സുല്‍ത്താനെതിരെ ചരിത്ര വിരുദ്ധ കാര്യങ്ങള്‍ വന്നതിന്റെ വിശേഷങ്ങളും രിസാല വാരികയില്‍ ഉണ്ട്. വിരോധം കൊണ്ടാകാനിടയില്ല, മനോരമ സുല്‍ത്താന്‍ ബത്തേരി എന്ന സ്ഥലത്തെ വെറും ബത്തേരി ആക്കിയിട്ട് വര്‍ഷങ്ങളായി.)
രാജീവ് ശങ്കര്‍ ചൂണ്ടിക്കാണിച്ച പോലെ, നടത്തിപ്പുകാര്‍ മുസ്ലിംകളാകുമ്പോള്‍ മാത്രമാണ് പലരും പത്രങ്ങളുടെ ”ജാതി” പറയാറ്. ”പ്രശസ്തമായ ന്യൂസ് ചാനലില്‍ പ്രതിവാര മാധ്യമ അവലോകന പംക്തി” കാരന്‍ ”മുസ്ലിം പത്രങ്ങള്‍” എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇദ്ദേഹം മാത്രമല്ല മുസ്ലിംകളെ മാധ്യമമുഖ്യധാരയില്‍ പെടുത്താന്‍ അറയ്ക്കുന്നത്. കേരളത്തിന്റെ മാധ്യമ അവബോധത്തില്‍ അങ്ങനെയൊരു മുന്‍വിധി കിടപ്പുണ്ടാവണം. കാലിക്കറ്റ് പ്രസ്ക്ലബിലെ ഇഫ്താറിനെപ്പറ്റി ഈ പംക്തിയിലെഴുതിയതിന് പ്രതികരണമായി ക്ലബ് (പ്രസിഡന്റ് ആര്‍. മധുശങ്കര്‍, സെക്രട്ടറി കെ. പ്രേമനാഥ്) അയച്ചുതന്ന കുറിപ്പലും ”മുസ്ലിം പത്രങ്ങള്‍” എന്ന പരാമര്‍ശം ഉണ്ടായിരുന്നു. (ഇതേപ്പറ്റി ഒന്നിലേറെ വായനക്കാര്‍ പ്രതിഷേധമറിയിച്ചിരുന്നു.)
അപ്രഖ്യാപിതമായ ഏതോ മുന്‍വിധി നമ്മെ ഭരിക്കുന്നില്ലേ? ഭീകരവേട്ടയുടെ പേരില്‍ മലയാളികളടക്കം മുസ്ലിംകള്‍ ഇരയാക്കപ്പെടുന്നു എന്ന ആരോപണമുയര്‍ന്നിട്ടും അതന്വേഷിക്കാന്‍ മലയാളത്തിലെ ഒരു മുഖ്യധാരാ മാധ്യമവും തയാറായില്ല എന്നതുകൂടി ഓര്‍ക്കുക.
അരീക്കോട്ട് ബോട്ട് ദുരന്തം നടന്ന ദിവസം (നവംബര്‍ 4) ഏഷ്യാനെറ്റില്‍ വന്ന ഒരു വാര്‍ത്ത, ”മലപ്പുറം ജില്ലയില്‍ മുസ്ലിം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു” എന്നായിരുന്നു. മുസ്ലിം മരിച്ചാല്‍ മുസ്ലിം സ്കൂളിന് ഒഴിവ് എന്ന്, വാര്‍ത്ത തയാറാക്കിയവരുടെ മനസ്സ് പറഞ്ഞുപോയതാവാം.
ഇപ്പോള്‍ ‘ലവ് ജിഹാദ്’ ആരോപണവും മറ്റൊരു ലിറ്റ്മസ് ടെസ്റ്റാവുകയാണ്. ഭയം യഥാര്‍ഥമാണെന്ന് വരുമോ? മലയാള മാധ്യമങ്ങളില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടോ?
ഇല്ല എന്നു തന്നെ വിചാരിക്കുക. വിചാരം നമ്മെ രക്ഷിക്കുമെന്നും.
ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടും ഇശ്റത്ത് ജഹാന്‍ മാധ്യമവേട്ടയില്‍നിന്ന് മുക്തയായില്ല ^കോടതി ഇടപെടുന്നതുവരെ.
ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നുകിട്ടുന്ന വിവരങ്ങള്‍ പത്രക്കാര്‍ പകര്‍ത്തിയെഴുതുമ്പോള്‍ അനേകം നിരപരാധികള്‍ കുറ്റവാളികളും. ഭീകരരുമാക്കപ്പെടുന്നുണ്ട്.
ഏതായാലും ഒരു പത്രപ്രവര്‍ത്തകനെങ്കിലും ഇതാ മാതൃകകാട്ടിയിരിക്കുന്നു. ഇശ്റത്ത് ജഹാനെപ്പറ്റി താന്‍ എഴുതിയ റിപ്പോര്‍ട്ടുകള്‍ തെറ്റായിരുന്നുവെന്ന് തുറന്നുപറഞ്ഞ് മാപ്പ് ചോദിക്കുകയാണ് പുണ്യ പ്രസൂണ്‍ ബാജ്പൈ.
മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണിദ്ദേഹം. വിവിധ ഹിന്ദി പത്രങ്ങളിലും ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തന മികവിന് രാമനാഥ ഗോയങ്ക അവാര്‍ഡ് നേടിയിട്ടുണ്ട്. സഹാറ സമയ് ചാനലില്‍ വാര്‍ത്താ അവതാരകനായിരുന്നു. ഇപ്പോള്‍ സീ ന്യൂസില്‍ അവതാരകനും എഡിറ്ററും.
അഹ്മദാബാദില്‍ നടന്ന ”ഏറ്റുമുട്ടല്‍ കൊല”യെപ്പറ്റി എഴുതവെ ഇരകളെ ഭീകരരായി ചിത്രീകരിച്ചത് തെറ്റായിപ്പോയെന്ന് ദൈനിക് ജാഗ്രണ്‍ പത്രത്തിലെ കോളത്തില്‍ അദ്ദേഹം ഏറ്റുപറയുന്നു. കുറിപ്പിന്റെ തലക്കെട്ട്: ”ഇശ്റത്ത്, ഹമേം മാഫ് കര്‍ദോ” (”ഇശ്റത്ത്, ഞങ്ങള്‍ക്ക് മാപ്പുതരൂ.”) ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഹിന്ദിപത്രമാണ് ദൈനിക് ജാഗ്രണ്‍.
താന്‍ ഇശ്റത്തിനെ ഭീകരയാക്കിയ സാഹചര്യം പുണ്യ പ്രസൂണ്‍ വിവരിക്കുന്നു: ഏറ്റുമുട്ടല്‍ വിവരം പുറത്തുവന്ന ഉടനെ അഹ്മദാബാദില്‍നിന്ന് ഒരു പ്രാദേശിക ലേഖകന്‍ പ്രസൂണിനെ വിളിച്ചു. അയാള്‍ താന്‍ നേരിട്ടുകണ്ട രംഗം വിവരിച്ചു. പൊലീസുകാര്‍ ”ഏറ്റുമുട്ടല്‍” അവകാശപ്പെടുന്നുണ്ടെങ്കിലും അതല്ല സത്യമെന്ന് സംഭവസ്ഥലം കണ്ടാല്‍തന്നെ ബോധ്യപ്പെടുമെന്നറിയിച്ചു.
കോളജ് വിദ്യാര്‍ഥിനിയടക്കം നാലുപേരെയും തൊട്ടുമുന്നില്‍വെച്ച് വെടിവെച്ച് കൊന്നതാണെന്നും ഏറ്റുമുട്ടലേ നടന്നിട്ടില്ലെന്നും വ്യക്തമാണ് ^നാട്ടുകാരനായ പ്രാദേശിക ലേഖകന്‍ പറഞ്ഞു.
പക്ഷേ, പുറംപ്രചാരണത്തിന്റെ ഒഴുക്കില്‍ താനും പെട്ടുപോയതായി പ്രസൂണ്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നുന്നു:
ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് സംഭവസ്ഥലം നേരിട്ടുകണ്ടയാള്‍ അറിയിച്ചപ്പോഴേക്കും ചാനലുകളില്‍ ഔദ്യോഗികഭാഷ്യം കത്തിപ്പടര്‍ന്നു തുടങ്ങിയിരുന്നു. മറ്റു ചാനലുകളില്‍ ”ബ്രേക്കിംഗ് ന്യൂസ്” വന്നുകൊണ്ടിരുന്നു: ”ഫിദായീന്‍ പെണ്‍കുട്ടി” അടക്കം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്, മുസ്ലിം പെണ്‍കുട്ടികള്‍ കൂട്ടമായി ഭീകരവൃത്തിയിലേക്ക് തിരിയുന്നത്, അങ്ങനെയെല്ലാം…
ഇതര ചാനലുകളില്‍ ഇത് വന്നതോടെ താനും തന്റെ ചാനലും സമ്മര്‍ദത്തിലായി. ”റേറ്റിംഗ്” (ടി.ആര്‍.പി) കൂട്ടുകയാണല്ലോ പരമമായ ലക്ഷ്യം. ഒപ്പം സകല ചാനലുകളിലും പ്രകടനാത്മക രാജ്യസ്നേഹത്തിന്റെ ഉദീരണങ്ങളും. ആ ഒഴുക്കിനൊപ്പം നീന്തുകയല്ലാതെ മാര്‍ഗമില്ലായിരുന്നു.
ഇപ്പോള്‍, അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷം, മജിസ്ട്രേറ്റുതല അന്വേഷണത്തില്‍ തെളിയുന്നു, ഏറ്റുമുട്ടല്‍ ഉണ്ടായിട്ടേ ഇല്ലെന്നും പൊലീസ് വെറുതെ വെടിവെച്ച് കൊല്ലുകയായിരുന്നെന്നും. മാധ്യമങ്ങള്‍ അന്ന് ഏറ്റുപിടിച്ച പൊലീസ് ഭാഷ്യം തനി കള്ളമായിരുന്നു.
പുണ്യപ്രസൂണ്‍ ബാജ്പൈ ഏതായാലും തെറ്റ് സമ്മതിക്കാനുള്ള ആര്‍ജവം കാണിച്ചിരിക്കുന്നു. നിരപരാധികളെ ഭീകരരാക്കാന്‍ ഇടവരുത്തുന്ന സാഹചര്യം അദ്ദേഹം വിവരിക്കുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് ഇന്നും ഒട്ടേറെ കേസുകളില്‍ ”ഭീകരരും” ”തീവ്രവാദികളും” ഇങ്ങനെത്തന്നെയാണ് വരുന്നതെന്നാണ്. ഭീകരതയെപ്പറ്റി പെട്ടെന്ന് വാര്‍ത്ത മുളക്കുന്നു; ബ്രേക്കിംഗ് ന്യൂസ് പ്രവാഹത്തില്‍ എല്ലാ മാധ്യമങ്ങളും ഒരുമിച്ച് ചരിക്കുന്നു; പൊലീസ് ഭാഷ്യവും ”ഇന്റലിജന്‍സ്” വിവരങ്ങളും പരമ്പരയായിവരുന്നു; കപടരാജ്യസ്നേഹത്തിന്റെ കുത്തൊഴുക്കില്‍ നിരപരാധികളുടെ അഭിമാനവും ജീവനും നഷ്ടപ്പെടുന്നു.
ഒഴുക്കിനെതിരെ നില്‍ക്കാനുള്ള ആര്‍ജവം മാധ്യമങ്ങള്‍ക്കുണ്ടാകുമോ? തെറ്റു സമ്മതിക്കാനുള്ള സത്യസന്ധതയെങ്കിലും പ്രസൂണ്‍ കാട്ടി. ഇശ്റത്ത് കേസില്‍ തന്നെ വേട്ടക്കാര്‍ക്കൊപ്പം ഉന്നംപിടിച്ചുനടന്ന ”മുതിര്‍ന്ന” ലേഖകര്‍ വേറെയുമുണ്ട്. മരണപ്പെട്ടവരോടെങ്കിലും അവര്‍ മാപ്പുചോദിക്കുമോ?
ഒറ്റനോട്ടത്തില്‍ വിശ്വസിച്ചുപോകുന്ന ”കഥ”കളാണ് പ്രവീണ്‍ സ്വാമിയുടേത്. ഹിന്ദു ലേഖകനായ ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളില്‍ അവ്യക്തതകളുണ്ടാകില്ല. വാസ്തവങ്ങളും വസ്തുതകളും ധാരാളമുണ്ടാകും. പക്ഷേ, അവക്കൊപ്പം അസത്യങ്ങളും അര്‍ധസത്യങ്ങളും കാണും.
പലപ്പോഴും ഔദ്യോഗിക ഇന്റലിജന്‍സ് വിഭാഗത്തിന്റെ പബ്ലിക് റിലേഷന്‍സ് ധര്‍മമാണ് സ്വാമി ഏറ്റെടുക്കാറ്. ഐ.ബിയിലെയും നാഷനല്‍ സെക്യൂരിറ്റി അഡ്വൈസറുടെ കാര്യാലയത്തിലെയും ഉന്നതരില്‍നിന്ന് കിട്ടുന്ന, മറ്റാര്‍ക്കും കിട്ടാത്ത വിവരങ്ങള്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളില്‍ കാണും.
എന്നാല്‍, പത്രപ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത അദ്ദേഹം കളഞ്ഞുകുളിക്കുന്നു. ഔദ്യോഗിക ഭാഷ്യങ്ങളെ സംശയിച്ചും ചോദ്യംചെയ്തും അവയിലെ പഴുതുകള്‍ ചികഞ്ഞുമാണ് ഭരണകൂടത്തിന്റെ ജനവിരുദ്ധ ചെയ്തികളെ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളത് ^ അങ്ങനെ മാത്രമാണ്.
വിയറ്റ്നാമിലെ ‘മീലായ്’ ഗ്രാമത്തില്‍ യു.എസ് സേന നടത്തിയ കൂട്ടക്കൊലയുടെ വിവരം സീമൂര്‍ ഹെര്‍ഷിന് പിന്നീട് കണ്ടെത്താനായത് അദ്ദേഹം ഔദ്യോഗിക മൌനത്തെ അവിശ്വസിച്ചതുകൊണ്ടാണ്. അവിശ്വസിക്കാതിരുന്ന അറുനൂറിലേറെ പത്രക്കാര്‍ അക്കാര്യം അറിഞ്ഞില്ല, അറിയിച്ചില്ല. അതിനുംമുമ്പ്, ഹിരോഷിമയില്‍ അമേരിക്ക ബോംബിട്ടതിനു ശേഷം അധിനിവേശ സേന പ്രചരിപ്പിച്ച ഒരു കാര്യമുണ്ടായിരുന്നു: ബോംബ് മൂലം കുറേയാളുകള്‍ കൊല്ലപ്പെടുകയും കുറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നത് നേരാണെങ്കിലും വിഷമയമായ വികിരണം ഉണ്ടായിട്ടേ ഇല്ല എന്ന്! അന്നും അക്കാലത്തെ പ്രവീണ്‍ സ്വാമിമാര്‍ അണുവികിരണം ഒട്ടും കാണാത്ത ഔദ്യോഗിക ആന്ധ്യത്തിന് കൈയൊപ്പിട്ടുകൊടുത്തിരുന്നു. ”ഹിരോഷിമയിലെ അവശിഷ്ടങ്ങളില്‍ റേഡിയോ ആക്ടിവിറ്റി ഒട്ടുമില്ല” എന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലീഡ് തലക്കെട്ട്.
ഭരണകൂടവും പത്രങ്ങളും തമ്മിലുള്ള ഈ കൂട്ടുകെട്ടിനെ അവിശ്വസിച്ചുകൊണ്ടാണ് ഡെയ്ലി എക്സ്പ്രസിലെ വില്‍ഫ്രഡ് ബര്‍ക്കറ്റ് തന്റെ അന്വേഷണം തുടങ്ങിവെച്ചത്. അത്യന്തം ആപല്‍ക്കരമായ യാത്രയില്‍ ഹിരോഷിമയിലെത്തിയ അദ്ദേഹം (യുദ്ധാനന്തര ഹിരോഷിമയിലെത്തിയ ആദ്യ പത്രലേഖകന്‍) കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ സ്കൂപ്പാണ് അവിടെനിന്നയച്ചത്. ആശുപത്രി വാര്‍ഡുകളില്‍ നിറയെ അവശരായ രോഗികള്‍. കാഴ്ചയില്‍ ഒരു ചെറു പരിക്കുപോലുമില്ലാത്തവര്‍. പക്ഷേ, എല്ലാവരും ”ആണവ മഹാമാരി” പിടിപെട്ട് മരിച്ചുകൊണ്ടിരിക്കുന്നു.
ഈ നേരു പറഞ്ഞതിന് അധികൃതര്‍ ബര്‍ക്കറ്റിന്റെ പ്രസ് അക്രഡിറ്റേഷന്‍ പിന്‍വലിച്ചു. അദ്ദേഹം കടുത്ത ആക്ഷേപങ്ങള്‍ക്കിരയാക്കപ്പെട്ടു. ഒടുവില്‍, പക്ഷേ, അദ്ദേഹം പറഞ്ഞതാണ് ശരിയെന്ന് ലോകം അംഗീകരിക്കുകതന്നെ ചെയ്തു. റിപ്പോര്‍ട്ടറുടെ ഏറ്റവും വിലപ്പെട്ട ആയുധമായ സന്ദേഹശീലത്തിന്റെ വിജയം.
പ്രവീണ്‍ സ്വാമി, പക്ഷേ, സന്ദേഹിക്കുന്നില്ല. ഔദ്യോഗിക വൃത്തങ്ങള്‍^ ഐ.ബിയും മറ്റും ^ പറയുന്നതാണ് അദ്ദേഹത്തിന് പരമമായ സത്യം. കാരണം അത് സ്ഥാപിക്കാനും, വായിക്കാന്‍ രസവും ആധികാരികതയുടെ പരിവേഷവുമുള്ള ”സ്റ്റോറി” രചിക്കാനും വേണ്ടതെല്ലാം സ്രോതസ്സുകള്‍ അദ്ദേഹത്തിന് നല്‍കുന്നു.
പ്രവീണ്‍ സ്വാമി കരുതുന്നത് അദ്ദേഹം തന്റെ സ്രോതസ്സുകളെ ഉപയോഗിക്കുന്നു എന്നാവാം ^ പക്ഷേ, അവര്‍ക്കറിയാം തങ്ങള്‍ സ്വാമിയെ ഉപയോഗിക്കുകയാണെന്ന്.
അവിശ്വാസം ഭരണകൂടത്തോട് വയ്യ എന്ന് നിശ്ചയിച്ച സ്വാമിയുടെ രീതി അദ്ദേഹത്തിന്റെ മേലധികാരി എന്‍. റാം സ്വീകരിച്ചിരുന്നെങ്കില്‍ ബോഫോഴ്സ് ഇടപാടിലെ അഴിമതി പുറത്തുകൊണ്ടുവരാന്‍ ഹിന്ദുവിന് കഴിയുമായിരുന്നില്ല. സര്‍ക്കാര്‍ ഭാഷ്യത്തെ സംശയിച്ചതുകൊണ്ടു മാത്രമാണല്ലോ റാമും ചിത്രാ സുബ്രഹ്മണ്യവും നേരിന്റെ പിറകെ പോയത്. ഏറ്റുമുട്ടല്‍ കൊലപാതകമെന്നു പൊലീസ് പറഞ്ഞ എത്രയോ സംഭവങ്ങള്‍ ആസൂത്രിത കൊലപാതകങ്ങളായിരുന്നെന്ന് പിന്നീട് കണ്ടെത്തിയത് നാട്ടുകാരും ബന്ധുക്കളും മാധ്യമങ്ങളും ഔദ്യോഗിക വിശദീകരണത്തെ ചോദ്യംചെയ്തതുകൊണ്ടാണ്.
ഇശ്റത്ത് ജഹാന്‍, പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ശൈഖ് തുടങ്ങി നാലു പേരെ ഗുജറാത്തിലെ ”ഏറ്റുമുട്ടല്‍ വീരന്‍” വന്‍സാരയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊന്ന സംഭവത്തിലും പ്രവീണ്‍ സ്വാമി വിശദമായ റിപ്പോര്‍ട്ടുകളെഴുതി. ഒന്നാംനാള്‍ മുതല്‍ ഗുജറാത്ത് സര്‍ക്കാറിന്റെയും പൊലീസിന്റെയും ഭാഷ്യത്തിന് പൂര്‍ണ സ്ഥിരീകരണമാണ് അവ നല്‍കിയത്:
2004 ഫെബ്രുവരിയില്‍ ജമ്മു^കശ്മീരില്‍ പൊലീസ് ഇഹ്സാന്‍ ഇലാഹി എന്ന ഭീകരനെ കൊന്നു. അയാളുടെ പോക്കറ്റില്‍ ഒരു കത്ത്. അതയച്ച ക്രിമിനലിനെ ചോദ്യംചെയ്തപ്പോള്‍ അഹ്മദാബാദിലെ ഒരു അഭിഭാഷകനെപ്പറ്റി വിവരം കിട്ടി^ ”ലശ്കറു”കാരന്‍. അയാളെ പണം കൊടുത്ത് പൊലീസിനുവേണ്ടി ഒറ്റുകാരനാക്കി. അഭിഭാഷകന്റെ പേര് വെളിപ്പെടുത്താന്‍ പറ്റില്ല. ഏതായാലും അയാളെ ഉപയോഗിച്ച് വലമുറുക്കി. കുടുങ്ങിയത് രണ്ട് പാക് പൌരന്മാരും ഒപ്പം ഇശ്റത്തും ജാവേദും. അവര്‍ ഭീകരര്‍ തന്നെ എന്നതിന് വേറെയെന്ത് തെളിവു വേണം?
പൊലീസിന്റെയും ഐ.ബിയുടെയും കഥകള്‍ വില്‍ക്കുന്ന സെയില്‍സ്മാനായി വര്‍ത്തിച്ച പ്രവീണ്‍ സ്വാമിക്ക്, നിരപരാധികളെ ”ഫ്രെയിം” ചെയ്ത് കുടുക്കാനുള്ള അനേകം പഴുതുകളുള്ളതില്‍ ഒന്നുപോലും കാണാനായില്ല.
സ്വാമിയുടെ ഹരംപിടിപ്പിക്കുന്ന ”ആധികാരിക” വാര്‍ത്തകള്‍ 2004ല്‍ എഡിറ്റ് ചെയ്യാതെ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുവും ഫ്രണ്ട്ലൈനും ഇന്ന് 2009ല്‍ പ്രസിദ്ധപ്പെടുത്തുന്ന എഡിറ്റോറിയലുകളും ലേഖനങ്ങളും റിപ്പോര്‍ട്ടുകളുമെല്ലാം പഴയതിന്റെ ഓര്‍മ നഷ്ടപ്പെട്ടിട്ടില്ലാത്ത വായനക്കാരെ അമ്പരപ്പിക്കും.
2004 ജൂലൈയിലെ ഫ്രണ്ട്ലൈനില്‍ സ്വാമിയുടെ അഭിജ്ഞ റിപ്പോര്‍ട്ട്: ”ഇശ്റത്തിന്റെ ഏറ്റുമുട്ടല്‍ മരണം രാജ്യമാകെ ബഹളത്തിനിടയാക്കിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഏറ്റുമുട്ടലില്‍ എന്താണ് ശരിക്കും നടന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. ലശ്കര്‍ ഭീകരരെന്ന് ആരോപിക്കപ്പെടുന്ന കൊല്ലപ്പെട്ട നാലു പേര്‍ നരേന്ദ്രമോഡിയെ കൊല്ലാനാണ് ഉദ്ദേശിച്ചതെന്ന പൊലീസിന്റെ അവകാശവാദം ശരിയാവണമെന്നില്ല. ഹിന്ദു മൌലികവാദി നേതാക്കള്‍ക്കെതിരെ ചാവേര്‍ ആക്രമണത്തിന് ഇവര്‍ പരിപാടിയിട്ടത് സത്യമാണ്. പക്ഷേ, തുടക്കം മുതലേ ഇന്ത്യന്‍ രഹസ്യാന്വേഷകര്‍ പിന്തുടരുന്നുണ്ടായിരുന്നു…”
പൊലീസ് ഭാഷ്യത്തെ എതിര്‍ക്കുന്നു എന്ന ഭാവേന അവരുടെ കഥ സ്ഥിരീകരിക്കുകയാണ് സ്വാമി. (പൊലീസ് കഥക്ക് ന്യായങ്ങളുമായി ടി.വി.ആര്‍. ഷേണായിയുമുണ്ടായിരുന്നു പത്രക്കോളങ്ങളില്‍.)
ഇതേ ഫ്രണ്ട്ലൈനില്‍ 2009 സെപ്റ്റംബറില്‍ (സെപ്. 26 ^ ഒക്. 9 ലക്കം) വി. വെങ്കടേശന്‍ വിശദമായ ലേഖനത്തില്‍ എഴുതുന്നു: ”2004ല്‍തന്നെ സംഭവങ്ങളെക്കുറിച്ച പൊലീസ് ഭാഷ്യം വിശ്വസിക്കാന്‍ കൊള്ളാത്തതായിരുന്നു.”
പക്ഷേ, അത് വിശ്വസിക്കാന്‍ സ്വാമിമാര്‍ സദാ സന്നദ്ധരായി നിലകൊണ്ടതുകൊണ്ട് ഫ്രണ്ട്ലൈന്‍ സത്യം പറയാന്‍ അഞ്ചുവര്‍ഷംകൂടി കാത്തു എന്നു മാത്രം! അതും അഹ്മദാബാദ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് എസ്.പി തമങ്ങിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം! (”ഏറ്റുമുട്ടലുകളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഇശ്റത്ത് കേസ് കാണിക്കുന്നതെ”ന്ന സിദ്ധാര്‍ഥ വരദരാജന്റെ ^ ഹിന്ദു, സെപ്. 10 ^ ലേഖനവും കാണുക.)
ഏറ്റുമുട്ടല്‍ കൊലകള്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് വിധേയമാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷന്റെ മാര്‍ഗരേഖയിലുണ്ട്. അങ്ങനെ ഒന്ന് പ്രവീണ്‍ സ്വാമി അറിഞ്ഞിട്ടില്ല. അദ്ദേഹത്തിന് എല്ലാം ആദ്യം മുതലേ തീര്‍ച്ചയാണ്. സംശയമുണ്ടായിട്ടു വേണ്ടേ അന്വേഷിക്കാന്‍?
സ്വാമിക്ക് തോന്നാത്ത സംശയങ്ങള്‍ തമങ്ങിന് തോന്നി: 2004 ജൂണ്‍ 15ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ കൊലയില്‍ നാല് ഭീകരരും മരിച്ചതെന്ന് പൊലിസ് പറഞ്ഞിരുന്നു. തമങ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചു. ജഡങ്ങള്‍ ഉറച്ച് വിറങ്ങലിച്ചിരുന്നു (റിഗര്‍ മോര്‍ട്ടിസ്); വയറ്റില്‍ അല്‍പം മാത്രം ദഹിച്ചു കഴിഞ്ഞ ഭക്ഷണമുണ്ടായിരുന്നു.
തമങ് വിദഗ്ധരോടന്വേഷിച്ചു. പാദം മുതല്‍ തല വരെ റിഗര്‍ മോര്‍ട്ടിസ് വരാന്‍ മരിച്ച് 12 മണിക്കൂര്‍ കഴിയണം എന്ന് മനസ്സിലാക്കി. മുഴുവന്‍ ദഹിക്കാത്ത ഭക്ഷണം കണ്ടുവെങ്കില്‍ അതിനര്‍ഥം ആഹാരം കഴിച്ച് മൂന്നോ നാലോ മണിക്കൂറില്‍ മരണം നടന്നു എന്നാണെന്നും. പൊലീസ് പറഞ്ഞസമയത്തല്ല മരണം നടന്നതെന്ന് വ്യക്തമാകാന്‍ ഇത് മതിയായിരുന്നു.
കുറെ മുമ്പുതന്നെ ഇവരെ കൊന്ന്, ജൂണ്‍ 15ന് പുലര്‍ച്ചെ ‘ഏറ്റുമുട്ടല്‍’ മരണം നടന്നതായി ഭാവിക്കുകയായിരുന്നു പൊലീസ്. പ്രാഥമികമായ ഈ അന്വേഷണംപോലും പ്രവീണ്‍ സ്വാമി നടത്തിയില്ല. പകരം, ജാവേദ് ശൈഖിന്റെ കാറില്‍ തേങ്ങ കണ്ട് അത് ബോംബായി ഉപയോഗിക്കാനുള്ളതായിരുന്നെന്ന് വിശദീകരിച്ച വന്‍സാരയെ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്തു.
മിക്ക പത്രങ്ങളിലുമെന്നപോലെ ഹിന്ദുവിലുമുണ്ട് രണ്ടു തരം ലേഖകര്‍. നാട്ടിലിറങ്ങി ജനങ്ങളുടെ നാഡിമിടിപ്പറിയുന്ന സായിനാഥിനെപ്പോലുള്ളവരാണ് ഒന്ന്. മറ്റൊന്ന് ശീതീകൃത മുറികളിലിരുന്ന് ഐ.ബിയും മറ്റു ഔദ്യോഗിക കേന്ദ്രങ്ങളും നല്‍കുന്ന ”വിവരങ്ങള്‍” പകര്‍ത്തിയെഴുതുന്ന പ്രവീണ്‍ സ്വാമിമാര്‍.
രണ്ടും തരംതിരിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
Welcome to WordPress.com. This is your first post. Edit or delete it and start blogging!
